പത്തനംതിട്ട: ശബരിമലയിൽ മണ്ഡല - മകരവിളക്ക് തീർത്ഥാടനകാലത്ത് ഭക്തർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. നവംബർ 16 മുതൽ ഡിസംബർ 31വരെയുള്ള മണ്ഡലകാല ദിവസങ്ങളിലേക്കാണ് ബുക്കിംഗ്. 10 വയസിന് താഴെയും 65 വയസിന് മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇവർക്ക് ദർശനം അനുവദിച്ചിരുന്നില്ല.
ദർശനത്തിന് ബുക്കുചെയ്തശേഷം വരാതിരിക്കുന്നത് ഒഴിവാക്കാൻ ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തുന്ന കാര്യം ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് ഒഴിവാക്കി.
ബുക്കിംഗിനാവശ്യമായ മാറ്റങ്ങൾ പൊലീസ് വെർച്വൽ ക്യൂ വെബ്സൈറ്റിൽ വരുത്തിയിട്ടുണ്ട്.
മണ്ഡല - മകരവിളക്ക് കാലത്ത് പ്രതിദിനം 25,000 പേർക്ക് വീതം ദർശനം നടത്താമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന നവംബർ മൂന്നിന് ദർശത്തിനുള്ള ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനം നടത്താം. രണ്ട് തവണ വാക്‌സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാണ്. തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പിന്നിലെ പ്രത്യേക കൗണ്ടറിൽ സ്വീകരിക്കും. ശ്രീകോവിലിൽ അഭിഷേകം ചെയ്തശേഷം മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ പ്രസാദമായി നൽകും.