പത്തനംതിട്ട: റാന്നിയിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വനം വകുപ്പിന്റെ രേഖകൾ പ്രകാരം ജില്ലയിൽ റാന്നി, കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ സങ്കേതങ്ങളാണുള്ളത്. ഇതിൽ 1977ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയേറ്റം ക്രമവൽക്കരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കുന്നതിനായി സംയുക്ത പരിശോധന നടത്തി നടപടികൾ തുടരുകയാണ്. മിനി സർവ്വേ ടീമിന്റെ സംയുക്ത സർവേ പൂർത്തീകരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം പെരുമ്പെട്ടി, പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകും.
കൊല്ലമുള, പരുവ, മണ്ണടി ശാല, കക്കുടുക്ക, വലിയ പതാൽ, വെച്ചൂച്ചിറ, അരയാഞ്ഞിലിമൺ ഭാഗങ്ങളിലെ കൃഷിക്കാർക്കും ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാർക്കും പട്ടയം നൽകും. അടിച്ചിപ്പുഴ, ചൊള്ളനാവയൽ, വെച്ചൂച്ചിറ എക്‌സ് സർവീസ്‌മെൻ കോളനി, ചണ്ണ, മുക്കുഴി, ഒളികല്ല്, അത്തിക്കയം, തെക്കേ തൊട്ടി, കടുമീൻചിറ, കുടമുരുട്ടി, അട്ടത്തോട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി, കൊട്ടംപ്പാറ, പെരുനാട്, കുരുമ്പൻമുഴി, മണക്കയം, മോതിരവയൽ, അമ്പലപ്പാറ, അരയൻ പാറ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണമെന്ന് എംഎൽ എആവശ്യപ്പെട്ടു.