death

പത്തനംതിട്ട : കൊവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടാത്തവരുടെ ആശ്രിതർക്ക് അപ്പീൽ നൽകാൻ അപേക്ഷ ക്ഷണിച്ചിട്ട് രണ്ട് ദിവസമായിട്ടും ജില്ലയിൽ ഒരാൾ പോലും അപേക്ഷിച്ചില്ല. തിങ്കളാഴ്ച വരെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 824 കൊവിഡ് മരണങ്ങളുണ്ട്. ആശ്രിതർക്ക് പ്രഖ്യാപിച്ച 50000 രൂപയുടെ ധനസഹായം ലഭിക്കണമെങ്കിൽ പട്ടികയിൽ ഉൾപ്പെടണം. ഞായറാഴ്ച മുതൽ അപേക്ഷ നൽകാമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. ഐ.സി.എം.ആർ മാർഗനിർദേശം അനുസരിച്ചുള്ള സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയും ഇപ്പോൾ നൽകാനാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാം. വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കൊവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

ഇ ഹെൽത്ത് പോർട്ടൽ

ഇ ഹെൽത്ത് കൊവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ മുഖേനയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറി അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം. ഇനി വരുന്ന പേജിൽ തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിെന്റ കോപ്പി അപ്ലോഡ് ചെയ്യണം. മരണ സർട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ. തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ വിശദാംശങ്ങൾ നൽകണം. ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നൽകണം. അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം അപേക്ഷാ നമ്പർ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് വരും. വിജയകരമായി സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ നിർണയ സമിതിക്കും അയയ്ക്കും. അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകും.

അപേക്ഷയുടെ സ്ഥിതിയറിയാം

അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാം. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കിൽ മുമ്പ് നൽകിയ അപേക്ഷകെന്റ മൊബൈൽ നമ്പരോ നൽകണം. ശരിയായ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ സ്ഥിതിയറിയാൻ സാധിക്കും.

ഐ.സി.എം.ആർ മാതൃകയിൽ അപേക്ഷിക്കാൻ

https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറുക. ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈൽ നമ്പരും ഒ.ടി.പി നമ്പരും നൽകണം.