തിരുവല്ല: മാർത്തോമ്മാ സഭയുടെ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രതിനിധി മണ്ഡലയോഗം 13, 14, 15 തീയതികളിൽ നടക്കും. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിക്കും. സഫ്രഗൻ മെത്രാപ്പോലിത്തമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർന്നബാസ്, എപ്പിസ്‌കോപ്പമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ് എന്നിവരും ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടെയുള്ള സഭാ കൗൺസിൽ അംഗങ്ങളും മാത്രമാകും തിരുവല്ല ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ വച്ചുള്ള യോഗത്തിൽ പങ്കെടുക്കുക. മറ്റ് മണ്ഡലാംഗങ്ങൾ സൂം വെബിനാറിലൂടെ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടവകകളിൽ നിന്നുള്ള 1451 അംഗങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇന്ന് വൈകിട്ട് നാലിന് ആരാധനയോടെ യോഗനടപടികൾ ആരംഭിക്കും. സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും സഭാ അത്മായ ട്രസ്റ്റി പി.പി.അച്ചൻകുഞ്ഞ് ബഡ്ജറ്റും അവതരിപ്പിക്കും.
14 ന് രാവിലെ 10ന് യോഗം ആരംഭിക്കും. 15 ന് രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ കുർബാന . തുടർന്ന് വിരമിച്ച വൈദികരെ ആദരിക്കും.വിവിധ അവാർഡുകൾ വിതരണം ചെയ്യും.
പുതിയ ഭാരവാഹികളുടെയും വൈദിക തിരഞ്ഞെടുപ്പു കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് 15ന് നടക്കും.