പന്തളം:അച്ചൻകോവിലാറ് കരകവിഞ്ഞ് വെള്ളം തോടുകൾ വഴി കരിങ്ങാലിപ്പാടത്തേക്ക് ഒഴുകിത്തുടങ്ങിയതോടെ പാടത്തിന്റെ തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മുടിയൂർക്കോണം എം.ഡി.എൽ.പി.സ്‌കൂളിലാരംഭിച്ച താത്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടുതലാളുകളെ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചു. നഗരസഭാ കൗൺസിലർ സൗമ്യ സന്തോഷ്, അടൂർ തഹസീൽദാർ ജോൺസാം, ഡെപ്യൂട്ടി തഹസീൽദാർ ജിനേഷ്, പന്തളം വില്ലേജ് ഒാഫീസർ എസ്.ഹരികുമാർ എന്നിവർ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ഏഴടിയോളം വെള്ളമാണ് ഉയർന്നത്.
ആറ്റുതീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിത്തുടങ്ങി. കരിങ്ങാലിപ്പാടത്തിന്റെ തീരത്താണ് വെള്ളം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്നത്. അച്ചൻകോവിലാറുമായി പാടത്തെയും ചാലിനെയും ബന്ധിപ്പിക്കുന്ന കരിങ്ങാലി വലിയതോട് വഴി അച്ചൻകോവിലാറ്റിലെ വെള്ളം ഒഴുകി പാടം നിറഞ്ഞുകഴിഞ്ഞു. തീരത്തുള്ള വീടുകളിലേക്കാണ് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. ഈഭാഗത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു. മുടിയൂർക്കോണം നാഥനടി കളത്തിനോടു ചേർന്ന് താമസിക്കുന്ന ആറ് കുടുംബങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുവീടുകളിലേക്ക് മാറിയിട്ടുള്ളത്. നാദനടി ഭവനിൽ രാധാമണി, ബിജി വില്ലയിൽ വി.ടി.ബാബു, നാദനടി കളത്തിൽ ഓമന, ലൈലാ ബീവി, റോജ സലിം, രാജേശ്വരി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
പറന്തൽ ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വലിയതോട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കുരമ്പാല ഭാഗത്തുള്ള വീടുകളിൽ വെളളം കയറാനും കൃഷിടങ്ങൾ വെള്ളത്തിലാകാനും ഇത് കാരണമാകും.