kallarakkadav
റിംഗറോഡിൽ കല്ലറക്കടവ് ഭാഗത്തെ അപകട വളവ്

പത്തനംതിട്ട : നഗരത്തിൽ റിംഗ് റോഡിൽ കല്ലറക്കടവിന് തിരിയുന്ന ഭാഗത്തെ കൊടുംവളവ് അപകട ഭീഷണി ഉയർത്തുന്നു. ഇവിടടെ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പ്രദേശവാസികൾ ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. റീജിയണൽ ട്രാൻസ്പോർട്ട് ഒാഫീസറും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി ബോധ്യപ്പെട്ടതാണ്.

അഴൂർ ജംഗ്ഷനിൽ നിന്ന് അബാനിലേക്ക് പോകുന്ന റിംഗ് റോഡിലെ വലിയ വളവിൽ നിന്നാണ് കല്ലറക്ക‌ടവിന് തിരിയുന്നത്. അടുത്തുതന്നെ കല്ലറക്കടവ് പാലവുമുണ്ട്. റിംഗ് റോഡിലൂടെ പോകുന്ന വാഹനങ്ങളും കല്ലറക്കടവിൽ നിന്ന് വരുന്ന വാഹനങ്ങളും കൂട്ടയിടിക്കുക പതിവാണ്. ഇവിടെ ആകെയുള്ളത് കൊൺവെക്സ് മിറർ മാത്രമാണ്. ഇതിലേക്ക് മരച്ചില്ലകൾ വളർന്നു കയറിയാൽ വാഹനങ്ങൾ കടന്നുവരുന്നത് അറിയില്ല. കല്ലറക്കടവിൽ മുന്നൂറോളം വീടുകളുണ്ട്. വാട്ടർ അതോറിറ്റി ഒാഫീസ്, കൃഷി ഭവൻ, നഴ്സിംഗ് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകണമെങ്കിലും കല്ലറക്കടവ് റോഡാണ് ആശ്രയം. കുമ്പഴ - വലഞ്ചുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അബാൻ ജംഗ്ഷനിലെ തിരക്കിൽ പെടാതിരിക്കാൻ കല്ലറക്കടവ് റോഡിലേക്ക് തിരിഞ്ഞു പോകുന്നുണ്ട്. റോഡിലെ വീതി കൂടിയ സ്ഥലത്ത് ചരക്ക് ലോറികളും എയർ ബസുകളും പാർക്ക് ചെയ്യുന്നതിനാൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല.

'' കല്ലറക്കടവ് റോഡിലേക്ക് തിരിയുന്ന വാഹന യാത്രക്കാരുടെ സുരിക്ഷിതത്വം ഉറപ്പാക്കണം. വേഗ നിയന്ത്രണത്തിന് സംവിധാനം വേണം.

മനോജ്, കല്ലറക്കടവ് സ്വദേശി.