പത്തനംതിട്ട: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞ് ആക്രമാസക്തനായി. രണ്ടാം പാപ്പാനെ പുറത്തിരുത്തി മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ മറ്റ് പാപ്പാൻമാരും വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയും ചേർന്ന് തളച്ചു.
രാവിലെ 10 മണിയോടെ പത്തനംതിട്ട വാര്യാപുരം പൂക്കോട് സ്വദേശി മദനമോഹന്റെ വീട്ടിൽ തടിപിടിക്കാനായാണ് ആനയെ കൊണ്ടുവന്നത്.
തടി മാറ്റുന്ന ജോലികൾക്കിടെ ആന പെട്ടെന്ന് വിരണ്ടു. അപ്പു എന്ന വിളിപ്പേരുള്ള മോഴയാന ഹരിപ്പാട് സ്വദേശിയുടെതാണ്. വീടിന് ചുറ്റും ഓടിയ ആന രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രനെ പുറത്തിരുത്തി അര കിലോമീറ്ററിലധികം ഓടി. മദനമോഹന്റെ വീടിനും കേട് വരുത്തി. മുറ്റത്തിരുന്ന സ്കൂട്ടർ മറിച്ചിട്ട ശേഷം റബർ മരങ്ങൾ പിഴുതിട്ടു. പിന്നിട് സമീപത്തെ റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. ഒന്നാം പാപ്പാൻ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ഓടിച്ച് കയറ്റിയതു കൊണ്ട് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. മണിക്കൂറുകളോളം റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ വൈകിട്ട് അഞ്ചരയോടെ ബെൽറ്റിട്ട് തളച്ചു. പിന്നീടാണ് രണ്ടാം പപ്പാനെ താഴെയിറക്കിയത്. അന വിരണ്ടതറിഞ്ഞ് നിരവധിയാളുകൾ സ്ഥലത്തെത്തി. ആറൻമുള പൊലീസ് ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ചത്.