ചെങ്ങന്നൂർ: ഗതാഗത നിയന്ത്രണം മാത്രമല്ല ജൈവ കൃഷിയിലൂടെ മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണവും അതിലൂടെ നിയന്ത്രണമില്ലാത്ത കാരുണ്യ പ്രവർത്തികളുമാണ് ചെങ്ങന്നൂർ ട്രാഫിക് പൊലീസ് നടത്തുന്നത്. ചെങ്ങന്നൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ വളപ്പിൽ കാടുപിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി പച്ചക്കറി കൃഷി നടത്തിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇവർ പണം കണ്ടെത്തുന്നത്. ഒരേക്കർ വരുന്ന സ്ഥലത്ത് ആദ്യഘട്ടത്തി 10സെന്റിലാണ് ഇവർ കൃഷിയിറക്കിയത്. വാഴ, പയർ, പാവൽ, വഴുതനം, വെണ്ട, പച്ചമുളക് എന്നിവയാണ് ഇവിടെ കൃഷി ചെയ്തത്. കൃഷിയിടത്തിൽ നിന്ന് 100 ശതമാനം വിളവ് ലഭിച്ചതോടെ ഉദ്യോഗസ്ഥർക്ക് തികഞ്ഞ ആത്മവിശ്വാസമാണ് ലഭിച്ചത്. ആദ്യ വിളവെടുപ്പിൽ കിട്ടിയ സാധനങ്ങൾ ലേലം ചെയ്തു കിട്ടിയ പണം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഗതിമന്ദിരങ്ങൾക്ക് വിതരണം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ സാബു ജോർജാണ് കൃഷിയിലൂടെ ആതുരസേവനം എന്ന ആശയം മുന്നോട്ട് വെച്ചത്. അഡീഷണൽ എസ്.ഐ സന്തോഷ് കുമാറാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. താലൂക്കിലെ വിവിധ കൃഷി ഓഫീസുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും പച്ചക്കറി വിത്തുകൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥർ ഇവിടെ കൃഷിയിറക്കിയത്. ദിവസവും രാവിലെയും ഡ്യൂട്ടിയുടെ ഇടവേളകളിലുമാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഡിവൈ.എസ്.പി ഡോ. ആർ ജോസ് നിർവഹിച്ചു. അഡി.എസ്.ഐ അനിരുദ്ധൻ, അജിത് പ്രസാദ് , മനീഷ ആർ, ഹോംഗാർഡുമാരായ രമേഷ് കുമാർ, വിജയകുമാർ എന്നിവർ പങ്കെടുത്തു.