പത്തനംതിട്ട: ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ സംഗീത സപര്യ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട്. 1995 ൽ നവരാത്രിയുടെ ഭാഗമായി ആരംഭിച്ച വിജയദശമി സംഗീതോത്സവം ഇക്കുറി 27 വർഷം പിന്നിടുകയാണ്. പ്രതിഭാശാലികളായ സംഗീതവിദ്യാർത്ഥികളെ നാടിനു സമ്മാനിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സംഗീത മത്സരങ്ങളിൽ എല്ലാവർഷവും ഗ്രേഡ് നേടുന്ന ഒരു കുട്ടിയെങ്കിലും കലാക്ഷേത്രത്തിന്റെ സംഭാവനായായിട്ടുണ്ടാവും. കലാക്ഷേത്രത്തിന് തുടക്കം കുറിച്ച സംഗീതജ്ഞൻ പട്ടാഴി എൻ.ത്യാഗരാജനാണ് പ്രധാന ഗുരുനാഥൻ. ഓമല്ലൂരിന് ഉത്സവച്ഛായ പകരുന്ന സംഗീതോത്സവമാണ് കലാക്ഷേത്രം 26വർഷമായി സംഘടിക്കുന്നത്. 2020ൽ രജത ജൂബിലി നിറവിലെത്തിയതിന്റെ വിപുലമായ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിരുന്നെങ്കിലും മഹാമാരി മൂലം ചടങ്ങുകൾ തടസപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 7ന് ആരംഭിച്ച 27-ാംമത് വിജയദശമി സംഗീതോത്സവത്തിൽ 12 കച്ചേരികൾ ഇതിനോടകം നടന്നു. പുറമേ നിന്നുള്ള സംഗീത വിദ്വാൻമാരും കലാക്ഷേത്രം വിദ്യാർത്ഥികളുമാണ് സംഗീതാരാധനയിൽ പങ്കെടുക്കുന്നത്. ഏട്ടാം ദിവസമായ വ്യാഴാഴ്ച ഡോ.ഹരിത മധുവിന്റെ സംഗീത സദസും മാസ്റ്റർ അഖിൽ അജയ്, ഭഗത് ശ്രീലാൽ എന്നിവരുടെ വയലിൻ വാദനവും ഗൗതം മനോജ് അരുണിമ സജീവ് എന്നിവരുടെ സംഗീതാർച്ചനയും നടന്നു. എഴുത്തിനിരുത്തിന് ഭാഷാദ്ധ്യാപകനും കവിയുമായ മലമേൽ വിനു നമ്പൂതിരിയായിരുന്നു, ആചാര്യൻ. തുടർന്ന് വിവിധ ശാസ്ത്രീയ കലകളായ കർണാടക സംഗീതം, വയലിൻ, മൃദംഗം, നൃത്തം, ഓർഗൺ എന്നിവയിൽ വിദ്യാരംഭം നടന്നു. ഐ. തുടർന്ന് രാജീവ് രസിക പ്രിയയുടെ പുല്ലാങ്കുഴൽ കച്ചേരി, സംഗീതാരാധന, മൃദംഗം ലയവിന്യാസം, വയലിൻ സോളോ, മൃദംഗവാദകൻ അശ്വിൻ വി നമ്പൂതിരിയുടെ ലയവിന്യാസം, തേക്കടി രാജന്റെ സംഗീത സദസ് എന്നിവ അരങ്ങേറും.