തിരുവല്ല: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭത്തോടനുബന്ധിച്ച് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. എസ്.എൻ.ഡി.പി.യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ പൂജയെടുപ്പും വിദ്യാരംഭവും വിശേഷാൽ പൂജകൾക്കും ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയും മേൽശാന്തി അനീഷ് കുളങ്ങരയും മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ പൂജയെടുപ്പും വിദ്യാരംഭവും മേൽശാന്തി വിശ്വനാഥൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തി. എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ പൂജയെടുപ്പും വിദ്യാരംഭവും ക്ഷേത്ര മേൽശാന്തി ഹരിനാരായണ ശർമ്മയുടെ കാർമ്മികത്വത്തിൽ നടത്തി. ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8.30 മുതൽ ദേവീമാഹാത്മ്യ പാരായണവും സരസ്വതീ പൂജയും പൂജയെടുപ്പും വിദ്യാരംഭവും നടത്തി. കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ഭാഗവത സപ്‌താഹയജ്ഞവും ക്ഷേത്രംതന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിയുടെയും മേൽശാന്തി അഭിജിത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടത്തി. മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വിദ്യാരംഭവും കുമാരിപൂജയും നടത്തി. മേൽശാന്തി ജി.ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തി.