തിരുവല്ല: കനത്തമഴയെ തുടർന്ന് പെരിങ്ങരയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പെരിങ്ങര പഞ്ചായത്ത് 11-ാം വാർഡിൽ പൂവൊന്നിക്കുന്നിൽ തങ്കമണിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ പുലർച്ചെ ആറു മണിയോടെ ഇടിഞ്ഞു താഴ്ന്നത്. രണ്ട് ദിവസം മുമ്പ് മുതൽ കിണറിന് ചുറ്റുമുള്ള കൽക്കെട്ടിൽ വിള്ളൽ വീണിരുന്നതായി തങ്കമണി പറഞ്ഞു. ഇതേതുടർന്ന് വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ സ്ഥലം സന്ദർശിച്ചിരുന്നു. കിണർ ഉപയോഗ ശൂന്യമായി മാറിയ സാഹചര്യത്തിൽ പുതിയ കിണർ നിർമിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.