മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി വലിയ പാലം കഴിഞ്ഞ് ആൽത്തറ ജംഗ്ഷനിൽ നിന്നും സി.എം.എസ് സ്കൂൾ ജംഗ്ഷൻ വരെ നീളുന്ന ബൈപാസ് റോഡ് താറുമാറായി. മല്ലപ്പള്ളി ടൗണിൽ നിന്നും ജി. എം .എം ഹോസ്പിറ്റൽ, സി.എം.എസ് സ്കൂൾ ജംഗ്ഷൻ ചാലുങ്കൽ പടി എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്താവുന്ന ഈറോഡ് മാസങ്ങളായി തകർന്നു കിടക്കുകയാണ്. ഈ റോഡിനെ ആശ്രയിച്ചാണ് മല്ലപ്പള്ളി എക്സൈസ് ഓഫീസ്, കെ.എസ്.ഇബി ക്വാട്ടേഴ്സ് എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. തുടർച്ചയായുള്ള മഴയിൽ ഈ കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് മൂലം ഇതിലെ കടന്നു പോകുന്ന വാഹനങ്ങൾക്ക് യാത്രാദുരിതം കൂടാതെ കേടുപാടുകളും സംഭവിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.