16-vedan-saji
പ്രതി വേടൻ സജി

ചെങ്ങന്നൂർ: കാണാതായ വാഹനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭിന്നശേഷിക്കാരനും ക്ഷീരകർഷകനും ക്രൂര മർദ്ദനം. സംഭവത്തെത്തുടർന്നു ഒളിവിൽ പോയ പ്രതിയെ നാലു ദിവസത്തിനു ശേഷം നാടകീയമായി പൊലീസ് പിടികൂടി. ഇടനാട് പൊറത്തോത്ത് വീട്ടിൽ വേടൻ സജി എന്നറിയപ്പെടുന്ന സജി (52)നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. ചെങ്ങന്നൂർ നഗരസഭ എട്ടാം വാർഡിൽ ഇടനാട് പടിഞ്ഞാറ് കൊല്ലരേത്ത് വടക്കേതിൽ ക്ഷീരകർഷകനായ അരവിന്ദാക്ഷൻ (53 ), ഭിന്നശേഷിക്കാരനായ സുഹൃത്തും സമീപവാസിയുമായ കൈതക്കാട്ടിൽ ഹരികുമാർ (57) എന്നിവർക്കാണ് മാരകമായി പരിക്കേറ്റത്. കമ്പിപ്പാരകൊണ്ടുള്ള ആക്രമണത്തിൽ ഹരികുമാറിന്റെ ഇടതു കൈയ്യും വലതു കാലും അരവിന്ദന്റെ വലതു കൈയ്യും ഒടിഞ്ഞു. ഇരുവരെയും വാർഡ് കൗൺസിലർ അർച്ചന ഗോപി എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ 6ന് ഉച്ചക്ക് അരവിന്ദാക്ഷൻ തന്റെ വീട്ടുമുറ്റത്തു വച്ചിരുന്ന സ്വന്തം ആക്ടീവ സ്‌കൂട്ടർ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. എന്നാൽ അങ്ങാടിക്കലിലെ ബാർഹോട്ടലിന്റെ മുറ്റത്ത് ആക്ടീവായ കണ്ടെത്തുകയും, വാഹനം കൊണ്ടു വെച്ചത് അയൽവാസി കൂടിയായ സജിയാണെന്നും വിവരം അരവിന്ദാക്ഷന് ലഭിച്ചിരുന്നു. കേസ് നൽകിയതിനാൽ സ്വയം സ്‌കൂട്ടർ എടുക്കാൻ അരവിന്ദാക്ഷൻ തയാറായില്ല. വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ സജി ഒളിവിൽ പോയതിനെ തുടർന്ന് കണ്ടെത്തായില്ല. ഈ സംഭവത്തിനു ശേഷം അന്ന് രാത്രി തന്നെ വാഹനം സജി അരവിന്ദന്റെ വീടിന് സമീപം എത്തിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ഇതേക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ സജിയുടെ വീട്ടിൽ അരവിന്ദാഷൻ പോയപ്പോഴുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തടയാൻ ശ്രമിച്ച ഹരിക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് സജിയെ കഴിഞ്ഞ രാത്രി ചെങ്ങന്നൂർ എസ്.ഐ എസ്. നിഥിഷിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.