ചെങ്ങന്നൂർ: വായ്പയായി ബാങ്കുകൾ നൽകുന്ന തുക തിരിച്ചടയ്ക്കുന്നതിൽ സപ്ലൈക്കോയ്ക്കു വീഴ്ച. വിഹിതമടയ്ക്കാതായതോടെ നെല്ലുവില കിട്ടിയ കർഷകരുടെ വീടുകളിലേക്ക് ബാങ്കിൽ നിന്നുള്ള നോട്ടീസ് എത്തി തുടങ്ങി. ബാങ്ക് വായ്പ അടയ്ക്കാത്തവരുടെ പട്ടികയിലേക്ക് കർഷകരുടെ പേരുമെത്തി. സംസ്ഥാനത്ത് സപ്ലൈക്കോ മുഖേന നെല്ലു കൊടുക്കുന്ന കർഷകനു പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയാണ് വില കിട്ടുന്നത്. നെല്ലു വില എന്നത് കർഷകനു ബാങ്ക് വഴി നൽകുന്ന ഡിമാൻഡ് വായ്പയാണ്. പലിശയ്ക്കു സംസ്ഥാന സർക്കാരാണ് ജാമ്യം. വിലയും, പലിശയും പിന്നീട് സപ്ലൈക്കോയാണ് തിരിച്ചടയ്‌ക്കേണ്ടത്. ആറു മാസത്തിനകം തുക ബാങ്കിൽ തിരിച്ചടയ്ക്കണം. അല്ലാത്തപക്ഷം കർഷകൻ കരിമ്പട്ടികയിലാകും. നിലവിൽ 2020 ഏപ്രിലിൽ നെല്ലു കൊടുത്തു വില കിട്ടിയ കർഷകരുടെ വായ്പയും ബാങ്കിലേക്ക് തിരിച്ചടയ്ച്ചിട്ടില്ല. ഇതോടെ കർഷകന്റെ സിബിൽ റേറ്റിംഗ് (വായ്പ അനുവദിക്കാനുള്ള ഗ്രേഡിംഗ്) കുറയും. സിബിലിലാകുന്നതോടെ കർഷകന് അടുത്ത കൃഷി ചെയ്യനോ, മറ്റൊരു വായ്പയെടുക്കനോ കഴിയില്ല.
നടപടിയുടെ ഭാഗമായെന്ന് കർഷകർ
നിലവിൽ നോട്ടീസ് കിട്ടിയ പല കർഷകരും ബാങ്കിലെത്തുമ്പോൾ നടപടികളുടെ ഭാഗമായാണ് നോട്ടീസ് അയച്ചതെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകുന്നത്.
പ്രതിഷേധത്തിനൊരുങ്ങി കർഷകർ
പലരും വിദ്യാഭ്യാസ, വാഹന വായ്പകൾക്കായി ബാങ്കുകളെ വീണ്ടും സമീപിക്കുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സിവിലിൽപ്പെടുന്നതോടെ കാർഷിക വായ്പയ്ക്കായി വച്ച സ്വർണം പോലുമെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. തങ്ങളുടെതല്ലാത്ത കാരണത്താൽ ബാങ്ക് കുടിശികക്കാരായി മാറുന്ന കർഷകർ ഇതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.