തിരുവല്ല: ശക്തമായ മഴയെതുടർന്ന് അപ്പർകുട്ടനാടൻ മേഖല പ്രളയഭീതിയിൽ. പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഉരുൾ പൊട്ടലടക്കം ഉണ്ടായതോടെ പമ്പാ, മണിമല നദികളിൽ വെള്ളം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് പ്രളയഭീഷണി ഉയരുന്നത്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പമ്പാ, മണിമല നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം തിരുവല്ല താലൂക്ക് ഉൾപ്പെടുന്ന അപ്പർകുട്ടനാടൻ മേഖലയിൽ എത്തിച്ചേർന്നാണ് ദുരിതംവിതയ്ക്കുന്നത്. മേഖലയിലെ ചില റോഡുകളിലടക്കം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളും വെള്ളത്താൽ നിറഞ്ഞു കഴിഞ്ഞു. നദികൾ നിറഞ്ഞുകിടക്കുന്നതിനാൽ വീണ്ടും ഒഴുക്ക് ശക്തമായി വലിയ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മേപ്രാൽ, ചാത്തങ്കരി, കഴുപ്പിൽ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു. പെരിങ്ങര, നിരണം എന്നീ പഞ്ചായത്തുകളിലെ ചില ഗ്രാമീണ റോഡുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണത്തെ നെൽകൃഷിയും വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് കർഷകരും. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ താലൂക്കിൽ സജ്ജമാക്കിയതായി തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.