തിരുവല്ല: തേവേരിയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സൈക്കിൾമുക്ക് - തേവേരി റോഡിലെ രണ്ടാം കുരിശിന് സമീപം ഇന്നലെ രാവിലെ പത്തിനാണ് സംഭവം. മാവേലിക്കര എസ്.ബി.ഐ ശാഖയിലെ ഉദ്യോഗസ്ഥനായ തകഴി കരുമാടി കടവിൽ വീട്ടിൽ പി.കെ ശശിധരനാണ് ഷോക്കേറ്റത്. ആക്ടീവ സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകവേ രണ്ടാം കുരിശിൽ റോഡിന് കുറുകെ പൊട്ടിവീണുകിടന്ന വൈദ്യുത കമ്പിയിൽ സ്കൂട്ടർ കുടുങ്ങുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് ശശിധരൻ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു. ഓടിയെത്തിയ സമീപവാസികൾ ചേർന്ന് ശശിധരന് പ്രാഥമിക ശുശ്രൂഷ നൽകി. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുത ബന്ധം വിശ്ചേദിച്ച ശേഷമാണ് സ്കൂട്ടർ നീക്കിയത്.