തെങ്ങമം: ആനയടി - കൂടൽ റോഡിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുവശം മുതൽ പഴകുളം ജംഗ്ഷൻ വരെ ടാർ ചെയ്യാൻ തീരുമാനം. ഇതു വഴിയുള്ള യാത്രാ ദുരിതത്തെ തുടർന്ന് ഇന്നലെ രാവിലെ ആലുംമൂട്ടിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ കൂടിയ സർവകക്ഷി യോഗത്തിലാണ് തീരുമാനം. 7 മീറ്ററാണ് ടാറിംഗ് വീതി. റോഡിന്റെ ഇരുഭാഗങ്ങളിലും കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കാൻ കഴിയാത്തതിനാലാണ് ടാറിംഗ് നീണ്ടു പോയത്. യാത്രാ ദുരിതം അതികഠിനമായതിനെ തുടർന്നാണ് സർവകക്ഷി യോഗം ചേർന്നത്. 7 മീറ്റർ ടാറിംഗ് ഉള്ളതിൽ 6 മീറ്റർ ബിഎം ഇപ്പോൾ ചെയ്ത് 5 മീറ്റർ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുക , പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം ബാക്കി ഭാഗം ടാർ ചെയ്യുക , തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം മുന്നോട്ടുവച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, പി.ബി. ഹർഷകുമാർ , പഴകുളം ശിവദാസൻ , വി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു . പഴകുളം ജംഗ്ഷനിൽ വീതിയില്ലാത്ത ഭാഗത്ത് വീതി കൂട്ടുന്നതിനും, പഴകുളത്ത് കനാൽ ഭാഗത്തു കൂടി ബൈപാസിന്റെ സാദ്ധ്യത പരിശോധിക്കാനും കനാൽ പാലം പൊളിച്ചു പണിയുന്നതിനും തീരുമാനമായി. റോഡിന് വീതികൂട്ടിയപ്പോൾ വൈദ്യുതി പോസ്റ്റുകൾ റോഡിന് മദ്ധ്യത്തിലായത് അരികിലേക്ക് മാറ്റായിട്ടില്ല, ഓടയുടെ പണി ഇനിയും തീർന്നിട്ടില്ല .