തിരുവല്ല: കലാസാംസ്‌കാരിക രംഗത്ത് പ്രശോഭിച്ചവർ ഏറെയുള്ള കവിയൂരിലേക്ക് സംവിധാന മികവിലൂടെ സിദ്ധാർത്ഥ്‌ ശിവ വീണ്ടും യശസുയർത്തുന്നു. `എന്നിവർ` എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡാണ് ഒടുവിൽ സിദ്ധാർത്ഥിനെ തേടിയെത്തിയത്. കുടുംബത്തോടൊപ്പം ഇന്നലെ വാഗമണ്ണിൽ നിന്ന് വരുമ്പോഴാണ് അവാർഡ് വിവരം സിദ്ധാർത്ഥ് അറിയുന്നത്. ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ് ഈ 36കാരൻ. കുഞ്ചാക്കോ ബോബൻ നിർമ്മിച്ച `കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ`, നിവിൻ പോളി അഭിനയിച്ച `സഖാവ്` എന്നിവ ഉൾപ്പെടെ എട്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2012ൽ `101 ചോദ്യങ്ങൾ` എന്ന സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് ലഭിച്ചിട്ടുണ്ട്. സഹീർ എന്ന സിനിമയ്ക്ക് ബുസാൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അവാർഡ് നേടിയിട്ടുണ്ട്. 2015ൽ മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് `അയിൻ` സ്വന്തമാക്കി. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ഈ സിനിമയ്ക്ക് ലഭിച്ചു. നിർമ്മാതാവ്, അഭിനേതാവ്, തിരക്കഥ,-ഗാനരചയിതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ച സിദ്ധാർത്ഥ് ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദിന്റെ മകനാണ്. അദ്ധ്യാപിക ആൻ എബ്രഹാമാണ് ഭാര്യ. സൈരന്ധ്രിയാണ് മകൾ.