മല്ലപ്പള്ളി : വെള്ളെപ്പൊക്കത്തിൽ ഒഴുകിപ്പോയ വീട്ടുസാധനങ്ങൾ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മല്ലപ്പള്ളിയിൽ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. അര കിലോമീറ്ററോളം ദൂരം മണിമലയാറ്റിലൂടെ ഒഴുകി വന്ന ഇരുവരും നദീ തീരത്തെ വള്ളിപ്പടർപ്പിൽ പിടിച്ച് കരകയറി രക്ഷപെട്ടു. മുരണി സ്വദേശികളായ സജി, മനോജ് കുമാർ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വീട്ടുപകരണങ്ങൾ വള്ളത്തിലെത്തി കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മനോജ് തീരുമാലിട ക്ഷേത്രത്തിന് സമീപത്തുവച്ച് കരകയറി. കുത്തൊഴുക്കിൽപ്പെട്ട സജിയെ രക്ഷിക്കാൻ നാട്ടുകാർ ചേർന്ന് മല്ലപ്പള്ളി പാലത്തിന് മുകളിൽ നിന്ന് വടമിട്ട് നൽകിയെങ്കിലും പിടിവിട്ട് വീണ്ടും ഒഴുകി. തുടർന്ന് പാലത്തിൽ നിന്ന് 200 മീറ്റർ മാറിയുള്ള ചന്തക്കടവിന് സമീപത്തെ മരച്ചില്ലയിൽ പിടിച്ച് സജി കരയ്‌ക്കെത്തുകയായിരുന്നു. സംഭവമറിഞ്ഞ് മല്ലപ്പള്ളി പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി.