court
കോടതിപരിസത്തെ മൺകൂന

അടൂർ : പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനായി എടുത്ത മണ്ണ് കോടതി പരിസരത്ത് നിന്ന് മാറ്റാത്തതിനെതിരെ ജില്ലാ കളക്ടർ, അടൂർ ആർ. ഡി. ഒ , ജിയോളജിസ്റ്റ്, തഹസീൽദാർ എന്നിവരെ പ്രതികളാക്കി അടൂർ മുൻസിഫ് കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. അടൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹൻ, സെക്രട്ടറി എം. പ്രിജി എന്നിവരാണ് അന്യായം ഫയൽ ചെയ്തത്. പുതിയ ബഹുനില കോടതി സമുച്ചയത്തിനായി 2019 ലാണ് നിർമ്മാണം തുടങ്ങിയത്. അന്ന് അടിത്തറ കെട്ടുന്നതിനായി ഇരുനൂറ്റി അൻപതോളം ലോഡ് മണ്ണാണ് എടുത്തുമാറ്റിയത്. ഇത് കോടതിവളപ്പിലെ മുൻസിഫ് കോടതിയുടെ മുന്നിലും ബാർ അസോസിയേഷൻ ഹാളിന്റെ കിഴക്കുഭാഗത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. കെട്ടിടനിർമ്മാണത്തിനുള്ള മണൽ, കമ്പി ഉൾപ്പെടെയുള്ള സാമഗ്രികളും ഇവിടെ ഇറക്കിയിട്ടിട്ടുണ്ട്. ഇതുകാരണം കോടതി ജീവനക്കാർ, അഭിഭാഷകർ കോടതിയിൽ എത്തുന്ന പൊതുജനങ്ങൾ എന്നിവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നഷ്ടമായി. കോടതിവളപ്പിന് പുറത്ത് തിരക്കേറിയ വൺവേ റോഡിന്റെയും ഉപറോഡിന്റെയും ഇരുവശങ്ങളിലായാണ് ഇപ്പോൾ വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ഇക്കാരണത്താൽ കാൽനടയാത്രക്കാരും ദുരിതത്തിലായി. മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ. ഡി. ഒ, തഹസീൽദാർ എന്നിവർക്ക് ബാർ അസോസിയേഷൻ നേരത്തെ പരാതി നൽകിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും. അതിന് മുന്നോടിയായി മുറ്റം നവീകരിക്കുകയും ചുറ്റുമതിൽ ബലപ്പെടുത്തി പ്രധാന കവാടത്തിൽ ഗേറ്റും സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. മണ്ണ് നീക്കം ചെയ്യാത്തതു കാരണം ഇതിനും കഴിയുന്നില്ല.

മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികൾക്കും പരാതിനൽകിയിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. യാതൊരു നടപടിയും ഉണ്ടായില്ല. വാഹനം പാർക്ക് ചെയ്യാൻ കോടതി പരിസരത്ത് ഇടമില്ലാത്തതിനാൽ അഭിഭാഷകർ നടന്നാണ് ഒാഫീസുകളിൽ നിന്ന് കോടതിയിൽ എത്തുന്നത്.

അഡ്വ. മണ്ണടി മോഹൻ,

പ്രസിഡന്റ്,

അടൂർ ബാർ അസോസിയേഷൻ.