കോന്നി: ചെങ്ങറ ചെമ്മാനി - കൊന്നപ്പാറ റോഡ് വികസിപ്പിച്ച് കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ അനുബന്ധ റോഡുകളുടെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോന്നി തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ചെങ്ങറ മുക്കിൽ നിന്ന് തുടങ്ങി ചെമ്മാനി തോട്ടം വഴി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറയിൽ എത്തി ചേരുന്ന ജില്ലാ പഞ്ചത്തിന്റെ രണ്ടര കിലോമീറ്റർ റോഡാണിത്. റാന്നി, വടശേരിക്കര, മലയാലപ്പുഴ ഭാഗങ്ങളിൽനിന്നും വരുന്നവർക്ക് റോഡ് വഴി കോന്നി മെഡിക്കൽ കോളേജിലേക്കും, തണ്ണിത്തോട് ഭാഗങ്ങളിലേക്കും വേഗത്തിൽ ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും. കോന്നി, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ ഈ റോഡുവഴി റാന്നി, വടശേരിക്കര, മലയാലപ്പുഴ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ കഴിയും.

ഉപറോഡുകൾ ഏറെ

റോഡ് പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ടു വർഷങ്ങളായി. റോഡിലെ ചെങ്ങറമുക്ക്.അയിരൂർപടി, കൊച്ചുമുറിപടി, ചെമ്മാനി തോട്ടം ഭാഗങ്ങളിലാണ് കൂടുതലും യോഗ്യമല്ലാതെ കിടക്കുന്നത്. കൊന്നപ്പാറ, ചെങ്ങറ, ചെമ്മാനി, കുമ്പഴത്തോട്ടം, കടവുപുഴ, കുറുംബറ്റി, അതുമ്പുംകുളം, ആവോലികുഴി, ഞ്ഞള്ളൂർ , പള്ളിമുരുപ്പ്, നാടുകാണി, മിച്ചഭൂമി, ആടുകാട്,പയ്യനാമണ്, അളിയൻമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ദിവസവും ഉപയോഗിക്കുന്ന റോഡാണിത്. കൊന്നപ്പാറ ചെങ്ങറ മുക്ക് മുതൽ പള്ളിമുരുപ്പുവരെ റോഡ് പണികൾക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കൊച്ചു മുറിപടി മുതൽ ചെങ്ങറ വരെയുള്ള ഭാഗങ്ങളിലെ പണികൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. റോഡിലെ ദൂരമുള്ള പ്രധാന ഭാഗങ്ങളാണിത്. റോഡിൽ നിന്നും കൊന്നപ്പാറ പള്ളിമുരുപ്പിലേക്കും, ചെമ്മാനിയിലേക്കും ഉപറോഡുകളുമുണ്ട്. പള്ളിമുരുപ്പ് വഴിയുള്ള ഉപറോഡുവഴി അട്ടച്ചാക്കലിലേക്കും, പത്തലുകുത്തിയിലേക്കും എത്തിച്ചേരാൻ കഴിയും, ചെമ്മാനി വഴിയുള്ള ഉപറോഡുവഴി ചെമ്മാനി, ചെളിക്കുഴി, കുറുംബറ്റി, കടവുപുഴ കൊന്നപ്പാറ വി.എൻ.എസ് കോളേജ് ഭാഗങ്ങളിലേക്കും എത്താം.

ഉപറോഡുകളുടെ ഭാഗമാക്കണമെന്ന് കോൺഗ്രസ്

കൊന്നപ്പാറ ചെമ്മാനി ചെങ്ങറ റോഡ് വികസിപ്പിച്ച് കോന്നി മെഡിക്കൽ കോളേജ് ഉപറോഡുകളുടെ ഭാഗമാക്കണമെന്ന് കേരള കോൺഗ്രസ് ചെങ്ങറ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ ഉദ്ഘാടനം ചെയ്തു. എം.ടി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഏബ്രഹാം ചെങ്ങറ, തങ്കച്ചൻ തടത്തിൽ, മോനി പരുമല, ബിജു പുത്തൻവീട് തുടങ്ങിയവർ പ്രസംഗിച്ചു.