പത്തനംതിട്ട: പേമാരിക്ക് നേരിയ ശമനമായെങ്കിലും ആശങ്കയൊഴിയുന്നില്ല. കിഴക്കൻ മേഖലയിൽ മഴ തുടരുന്നു. മഴയും മലവെള്ളപ്പാച്ചിലും ജില്ളയുടെ പടിഞ്ഞാറൻ മേഖലയിൽ ദുരിതം വിതയ്ക്കുകയാണ്. മുണ്ടക്കയം കൂട്ടിക്കലിലെ ഉരുൾപൊട്ടലിനെ തുടർന്ന് മണിമലയാർ കരവിഞ്ഞൊഴുകി മല്ലപ്പള്ളി ടൗൺ, വായ്പൂര്, കീഴ്വായ്പൂര്, വെണ്ണിക്കുളം, കോട്ടാങ്ങൽ, ശാസ്താംകോയിക്കൽ, കളത്തൂർമൂഴി, തേലപ്പുഴക്കടവ്, വെള്ളാവൂർ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഒറ്റപ്പെട്ടു പോയവരെ രക്ഷാപ്രവർത്തകരെത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
മണിമലയാറും പമ്പയാറും സംഗമിക്കുന്ന തിരുവല്ല കടപ്രയിലെ കീച്ചേരിവാൽക്കടവ് ഭാഗത്തും നെടുമ്പ്രം, കുറ്റൂർ, നിരണം മേഖലകളിലും വെള്ളം ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.
.കക്കി-ആനത്തോട് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമല്ലാത്തതിനാൽ ഷട്ടറുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.