flood-
പമ്പാനദി കരകവിഞ്ഞു ഒഴികിയതുമൂലം കൃഷി നാശം സംഭവിച്ച സ്ഥലം അത്തിക്കയത്ത് പാലത്തിൽ നിന്നുള്ള ദൃശ്യം , മണ്ണും ചെളിയും വന്നടിഞ്ഞതും കാണാം

റാന്നി: കനത്ത മഴയെ തുടർന്ന് നദികളിൽ ഉയർന്ന വെള്ളം ഇറങ്ങിയെങ്കിലും മഴ തുടരുകയാണ്. ശനിയാഴ്ച പമ്പയുടെയും കക്കാട്ടാറിന്റെയും തീരപ്രദേശങ്ങളിൽ ഉച്ചയോടെ വെള്ളം ഇരച്ചു കയറിയിരുന്നു. വ്യാപകമായി കൃഷികൾ നശിച്ചു. വെള്ളം കയറാൻ തുടങ്ങിയതോടെ തീരദേശത്തു താമസിക്കുന്ന ആളുകൾ വീടുകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തിക്കയം,റാന്നി ടൗൺ, ഉപാസന കടവ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. സന്ധ്യയോടെ വെള്ളം ഇറങ്ങാൻ തുടങ്ങിയത് ആശ്വാസമായി.

കുടിവെള്ള സ്രോതസുകളിൽ വെള്ളം കയറിയത് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. അത്തിക്കയം കൈമുട്ടുപറമ്പിൽ ബിജു, നാറാണംമൂഴി വടക്കേച്ചരുവിൽ ബിജു ബാലചന്ദ്രൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. നദിയോട് ചേർന്നുള്ള പറമ്പുകളിൽ മണ്ണും ചെളിയും വന്നടിയുന്നുണ്ട് പെരുന്തേനരുവി ഡാമിലും വൻതോതിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. കെ എസ് ഇ ബി വൈദ്യുതി പോസ്റ്റുകൾ പലയിടങ്ങളിലും തകർന്നു.

മുക്കം കോസ്‌വേയുടെ സ്ളാബ് ഇളകി

നാറാണംമൂഴിയേയും പെരുനാടിനെയും ബന്ധിപ്പിക്കുന്ന പമ്പാ നദിക്കു കുറുകെയുള്ള മുക്കം കോസ്‌വേയുടെ സ്ളാബ് തകർന്നു. കഴിഞ്ഞ മഹാ പ്രളയത്തിലും കോസ്‌വേക്ക് കെടുകാടുകൾ സംഭവിച്ചിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇവിടെ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.