തെങ്ങമം: തിമർത്തു ചെയ്യുന്ന മഴയിൽ ആറുകളുംതോടുകളും നിറഞ്ഞൊഴുകുമ്പോൾ ഇവിടെ ഒരു ചിറ പച്ചപ്പിന്റെ സമൃദ്ധിയിൽ നിറഞ്ഞുനിൽക്കുകയാണ്. പഴകുളം നാച്ചിങ്ങയിൽ ചിറക്കോണിൽ ചിറയാണ് രണ്ട് പതിറ്റാണ്ടായി ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുന്നത്. നാച്ചിങ്ങയിൽ കുന്നിന്റെ അടിവാരത്താണ് ഈ ചിറ . ഒരേക്കറിലധികം സ്ഥലത്തുണ്ടായിരുന്ന ചിറ പലരും കൈയേറിയതോടെ ഇപ്പോൾ കഷ്ടിച്ച് അൻപത് സെന്റ് കാണും . കുന്നിൻ മുകളിൽ നിന്ന് ഒലിച്ചിറങ്ങിയ വെള്ളവും മണ്ണും , സമീപത്തെ റോഡിൽ കൂടി ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും വീണാണ് ചിറ നികന്നത്. മുമ്പ് നൂറിലധികം കുടുംബങ്ങൾക്ക് വേനൽ ക്കാലത്ത് ഈ ചിറ ആശ്രയമായിരുന്നു . കാടുമൂടി ചിറ നശിച്ചിട്ടും പഞ്ചായത്തധികൃതർ അനങ്ങുന്നില്ല. 2008 ൽ ചിറ അളന്ന് തിട്ടപ്പെടുത്താൻ പഞ്ചായത്ത് ഭരണ സമിതി താലൂക്ക് സർവേയറോട് ആവിശ്യപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. ചിറ ആഴം കൂട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ ചിറയിൽ കിണർ സ്ഥാപിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനും മുൻകാലങ്ങളിൽ പദ്ധതിയിട്ടതാണ്. പക്ഷേ നടപടി ഉണ്ടായില്ല. കോരിച്ചൊരിയുന്ന മഴയിൽ നിറഞ്ഞ് കവിഞ്ഞിരുന്ന ഒരു കാലം ഈ ചിറയ്ക്കുമുണ്ടായിരുന്നു. ചിറ സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.