തിരുവല്ല: എം.സി റോഡിലെ തിരുമൂലപുരത്തിനും കുറ്റൂർ തോണ്ടറ പാലത്തിനും മദ്ധ്യേയുള്ള റോഡിൽ വെള്ളം കയറി. ഓടിവന്ന പലവാഹനങ്ങളും വെള്ളത്തിൽ നിന്നുപോയി. ഇതേതുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിമലയാറ്റിൽ നിന്ന് വെള്ളം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ റോഡിലേക്ക് ഇരച്ചെത്തുകയായിരുന്നു. രണ്ടര അടിയോളം വെള്ളമുയർന്നിട്ടുണ്ട്. ചെങ്ങന്നൂർ ഭാഗത്തും തിരുവല്ല ഭാഗത്ത് നിന്നും എത്തിയ നൂറുകണക്കിന് വാഹനങ്ങൾ ഇരു ഭാഗത്തുമായി കുടുങ്ങിക്കിടക്കുകയാണ്. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. 2018 ലെ മഹാ പ്രളയത്തിൽ ഈ ഭാഗത്ത് ആറടിയോളം വെള്ളം ഉയർന്നിരുന്നു. ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യത്തിൽ ഗതാഗതം പൂർണമായും നിലച്ചേക്കാം. പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.