ചെങ്ങന്നൂർ: ശമനമില്ലാതെ പെയ്യുന്ന മഴയിൽ ചെങ്ങന്നൂരിലെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.
പമ്പയിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ലെങ്കിലും അച്ചൻകോവിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലടക്കമുള്ള വീടുകൾ വെള്ളത്തിലായി. താലൂക്കിൽ 16 ക്യാമ്പുകളിലായി 166 കുടുംബങ്ങൾ കഴിയുന്നുണ്ട്. ആകെ 552 പേരാണ് ക്യാമ്പുകളിലുള്ളത്.
മണിമലയാറ് കരകവിഞ്ഞതോടെ വരട്ടാറും നിറഞ്ഞു. ഇതേത്തുടർന്ന് ഇരമല്ലിക്കര ആശുപത്രിപ്പടി, കൂലിക്കടവ് ഭാഗം, നന്നാട് ,തിരുവൻവണ്ടൂർ എൽ പി സ്കൂൾ ഭാഗം, തോണ്ടറപ്പടി കോളനി, കോലിടത്തുശേരി എന്നിവിടങ്ങളിൽ വെള്ളം കയറി. മണിമലയാറ്റലെയും വരട്ടാറ്റിലെയും വെള്ളത്തിന്റെ വരവ് തിരുവൻവണ്ടൂരിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മാവേലിക്കര-കോഴഞ്ചേരി റോഡിൽ പുത്തൻകാവ് ഭാഗത്തു വെള്ളം കയറി. പാണ്ടനാട് നാക്കട, ഇടനാട്, മംഗലം, അങ്ങാടിക്കൽ, കീഴ്‌ച്ചേരിമേൽ, പുത്തൻകാവ് എന്നിവിടങ്ങളിലായി അൻപതോളം വീടുകൾ വെള്ളത്തിലായി. അച്ചൻകോവിലാറ് കരകവിഞ്ഞ് വെണ്മണി ചാമക്കവ് ക്ഷേത്രവും, പരസിരവും വെള്ളക്കെട്ടിലായി. മാവേലിക്കര - കുളനട റോഡിൽ വെള്ളം കയറി. ചെങ്ങന്നൂർ കോടൻ തുരുത്തിലുള്ള കുടുംബങ്ങളെ പൊലീസ്, അഗ്നിരക്ഷാ സേനകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചെങ്ങന്നൂർ നഗരസഭയ്ക്കു പുറമേ ഇടനാട്, പാണ്ടനാട്, വെണ്മണി, ചെറിയനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ ഭാഗങ്ങളിലാണ് നിലവിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളത്. കിഴക്കൻ വെള്ളത്തിന്റെ ശക്തി വൈകുന്നേരത്തോടെ കൂടിയതും, ഡാമുകൾ വീണ്ടും തുറക്കുമെന്ന അഭ്യൂഹങ്ങളും ചെങ്ങന്നൂരിലെ ജനങ്ങളെ കൂടുതൽ പ്രളയഭീതിയിലാഴ്ത്തിയിട്ടുണ്ട്. മഴ തുടരുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് ഗണ്യമായി വർദ്ധിക്കുകയും ചെയ്താൽ താഴ്ന്ന പ്രദേശങ്ങളിലെ കൂടുതൽ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.