പന്തളം: പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിലെ 70 വീടുകളിൽ വെള്ളം കയറി. മുൻകരുതലിന്റെ ഭാഗമായി കൊല്ലം അഴീക്കലിൽ നിന്ന് 2 വള്ളങ്ങളും 10 മത്സ്യത്തൊഴിലാളികളും പന്തളത്തെത്തി.പന്തളം നഗരസഭയിലെ മുടിയുർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത് .പന്തളം മൂടിയൂർക്കോണം വാളച്ചാൽ വീട്ടിൽ രാജൻ, തങ്കമ്മ, വത്സല ,രവി,രമ്യ ഭവനം ഉഷ ,കൊണ്ടുവെട്ടത്ത് രാധാമണി ,എന്നിവരെ ക്യാമ്പിലേക്ക് മാറ്റി. ഒറ്റപ്പെട്ട ചേരിക്കൽ പുതുമന ഭാഗത്ത് അഗ്‌നിശമന സേന ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കി .നഗരസഭയിലെ 33ാം വാർഡിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, അടൂർ ആർ.ഡി.ഒ.എ. തുളസീധരൻ പിള്ള, പന്തളം വില്ലേജ് ഓഫീസർ ഹരികുമാർ, കുരമ്പാല വില്ലേജ് ഓഫീസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദുരിതാശ്വാസ പ്രവർത്തനം. ഫയർഫോഴ്സ് സ്റ്റേഷൻഓഫിസർ വി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രഞ്ജിത്ത് ആർ, കൃഷ്ണകുമാർ, വിപിൻ .വി, സുരേഷ്‌കുമാർ എന്നിവരും സൈമൺ അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ ഉള്ള പതിനഞ്ച് അംഗ സിവിൽ ഡിഫൻസ് ടീമും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി എട്ടാം വാർഡിൽ കടയ്ക്കാട് ദേവീക്ഷേത്രത്തിന് സമീപം വെള്ളം കയറി. രണ്ട് വീടുകളുടെ താഴത്തെ നിലയിൽ വെള്ളം കയറിയതോടെ വീട്ടുകാർ മുകൾ നിലയിലാണ്. തകിടിപ്പടി ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. പന്തളം തോന്നല്ലൂർ നന്ദവന്ദനം രതീഷ് , സുധീഷ് എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ചേരിക്കലിൽ വീട്ടിൽ വെള്ളത്തിൽ ഒറ്റപ്പെട്ടുപോയ റെജി ഭവനിൽ റെജി, ചൂടലിൽ ലക്ഷ്മി ക്കുട്ടിയമ്മ എന്നിവരെ ജനമൈത്രി പൊലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.പന്തളം മഹാദേവർ ക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ടു. ഇന്നലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതം തുടരുകയാണ്. കുരമ്പാല തെക്ക് മുക്കോടി അഖിൽ ഭവനിൽ സരസ്വതിയുടെ വീടിന്റെ ഒരു ഭാഗം തകർന്നു. മുടിയൂർക്കോണം എം.ടി.എൻ.പി.സ്‌കൂളിലും, കടയ്ക്കാട് എൽ.പി സ്‌കൂളിലും ഓരോ ക്യാമ്പ് തുടങ്ങി.