പത്തനംതിട്ട : വെള്ളംപൊങ്ങിയതോടെ കുറഞ്ഞു നിന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലും ആശങ്ക. വെള്ളപ്പൊക്കത്തിൽ പെട്ടുപോയ കൊവിഡ് രോഗികളായ 11പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തിരുവല്ലയിലും പുറമറ്റത്തുമാണ് നിലവിൽ രോഗികളുള്ളത്. തിരുവല്ലയിൽ ഏഴും പുറമറ്റത്ത് നാലുപേരുമാണ് രോഗികളായിട്ടുള്ളത്. തിരുവല്ലയിൽ സി.എഫ്.എൽ.ടി.സികളൊന്നുമില്ലാത്തതിനാൽ രോഗികളെ നിലവിൽ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുറമറ്റത്ത് ഡി.സി.സികളിലേക്ക് രോഗികളെ മാറ്റിയിട്ടുണ്ട്. ജില്ലയിലെ അടുത്ത ദിവസങ്ങളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ ജനങ്ങൾ വീണ്ടും ഭയന്ന മട്ടാണ്. കൊവിഡിന്റെ പ്രശ്നങ്ങൾ നിലനിൽക്കെയാണ് നിലവിലെ പ്രളയവും. മറ്റ് രോഗങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിരോധ മരുന്ന് ക്യാമ്പിൽ കഴിയുന്നവർക്കും വെള്ളപൊക്കബാധിതരായവർക്കും നൽകിയിട്ടുണ്ട്. നാലായിരത്തിലധികം കൊവിഡ് രോഗികൾ നിലവിൽ ജില്ലയിലുണ്ട്. നെടുമ്പ്രയാർ, ചാത്തങ്കരി ഭാഗങ്ങളിലും കൊവിഡ് രോഗികളുണ്ട്. ഇവിടെയെല്ലാം വെള്ളം കയറുന്ന പ്രദേശവുമാണ്.
ക്യാമ്പുകളിൽ കൊവിഡ് രോഗികളെക്കൂടി ക്രമീകരിക്കണം
ക്യാമ്പുകൾ ക്രമീകരിക്കുമ്പോൾ കൊവിഡ് രോഗികൾക്ക് കൂടി ക്രമീകരിക്കാൻ ശ്രമിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. സി.എഫ്.എൽ.ടി.സികളും ഡി.സി.സികളും പിൻവലിച്ചതോടെ രോഗികളെ മാറ്റുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡുകളിൽ വെള്ളം ആയതിനാൽ കൊവിഡ് രോഗികളെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. വലിയ ആംബുലൻസുകളിൽ മാത്രമേ വെള്ളമുള്ള റോഡിൽ കൂടി എത്താൻ കഴിയു.
" വെള്ളപ്പൊക്ക ബാധിത മേഖലകളും ക്യാമ്പുകളും സന്ദർശിച്ചിരുന്നു. ഡോക്സിസൈക്ലിൻ എല്ലാവർക്കും നൽകിയിട്ടുണ്ട്. കൊവിഡിനായി ക്രമീകരണം ഏർപ്പെടുത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
- 11 കൊവിഡ് രോഗികളെ മാറ്റിപ്പാർപ്പിച്ചു