പന്തളം: തോരാതെ പെയ്ത മഴയിൽ ശക്തമായി വെള്ളം കയറിയ വിവിധ പ്രദേശങ്ങളായ തുമ്പമൺ, കടയ്ക്കാട്,കടയ്ക്കാട് മാർക്കറ്റ്, മഹാദേവർ ക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. രാത്രി രണ്ടോടെയാണ് മണ്ണാകടവ് ഭാഗത്ത് വെള്ളം കയറിയ കുടുംബത്തെ ഗവൺമെന്റ് സ്‌കൂളിലേക്ക് മാറ്റിയത്. അതോടൊപ്പം കടയ്ക്കാട് മാർക്കറ്റിന് തെക്ക് വശമുള്ള പ്രദേശങ്ങളിലെ ആളുകളെ അവിടെയുള്ള സന്നദ്ധപ്രവർത്തകർക്കൊപ്പം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ക്യാമ്പിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് നഗരസഭാ പരിധിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറാൻ സാദ്ധ്യതയുള്ള വീടുകളിലെ ആളുകളെ സർക്കാർ സ്‌കൂളിലെ ക്യാമ്പുകളിലേക്കും മാറ്റി. മഹാദേവർ ക്ഷേത്രത്തിന്റെ പരിസരത്ത് വെള്ളം കയറിയ വീടുകളിലെ ആളുകളെ എൻ.എസ്.എസ് കരയോഗ മന്ദിരഹാളിലേക്കും തോട്ടക്കോണം ഹയർ സെക്കൻഡറി സ്‌കൂളിലേക്കും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ കൊല്ലം നീണ്ടകരയിൽ നിന്നും പന്തളത്ത് രണ്ടു ബോട്ടുകളെത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, അടക്കമുള്ള ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും രക്ഷാപ്രവർത്തനത്തിന് അണിചേർന്നു. ഇന്നലെ മഴ കുറഞ്ഞെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നിരുന്നു. ആളുകൾ ജാഗ്രതക്കുറവ് ഉണ്ടാകരുതന്നും വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ ശക്തമായ മുൻകരുതൽ എടുക്കണമെന്നും റവന്യൂ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി പന്തളം നഗരസഭാകൗൺസിലർമാരായ എച്ച്.സക്കീർ, ഷെഫിൻ റെജീബ് ഖാൻ, ലസിത ടീച്ചർ, അജിതകുമാരി, അംബിക രാജേഷ്, അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള, തഹസിൽദാർ ജോൺ സാം തുടങ്ങിയവരും മന്ത്രിമാർക്ക് ഒപ്പമുണ്ടായിരുന്നു.