thriveni

പമ്പ: കക്കി ഡാം തുറന്ന് രണ്ടേകാൽ മണിക്കൂർ പിന്നിട്ടപ്പോൾ പമ്പ ത്രിവേണിയിൽ വെള്ളം കുത്തിയൊഴുകിയെത്തി. ത്രിവേണിയിൽ കാര്യമായി ബാധിക്കാതെയാണ് ഒഴുക്ക്. ഇന്നലെ രാവിലെ 11മണിയോടെ തുറന്ന ഡാമിലെ വെള്ളം ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ത്രിവേണിയിലെത്തിയത്. കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയ ബലി തർപ്പണം ചെയ്യുന്ന ഭാഗവും പടിക്കെട്ടും പൂർണമായും മുങ്ങി. 12 സെന്റീ മീറ്റർ മാത്രമാണ് ത്രിവേണിയിൽ ജല നിരപ്പുയർന്നതെന്ന് ജലവിഭവവകുപ്പ് അധികൃതർ പറഞ്ഞു. ആറാട്ടുകടവിലെയും ഞുണുങ്ങാർ പാലത്തിലെയും വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. പുതുതായി നിർമ്മിച്ച പടിക്കെട്ട് വരെയാണ് വെള്ളം ഇപ്പോഴുള്ളത്. ത്രിവേണി പാലത്തിന് കീഴിലൂടെ കുത്തിയൊലിച്ചാണ് വെള്ളം താഴേക്ക് പോകുന്നത്. തീർത്ഥാടകരുടെ പ്രവേശനം പൂർണമായും വിലക്കിയതോടെ പമ്പയിലും സന്നിധാനത്തുമുണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചു. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന ജോലിക്കാരും ശുചീകരണ തൊഴിലാളികളും സ്‌പെഷ്യൽ ഡ്യൂട്ടിക്കായി വന്ന ദേവസ്വം ജീവനക്കാരും പൊലീസുകാരും വൈകിട്ടോടെ മടങ്ങി. മടങ്ങുന്നവർക്കായി കെ.എസ്.ആർ.ടി.സി പമ്പയിൽ നിന്ന് പ്രത്യേക ഷെഡ്യൂൾ ക്രമീകരിച്ചിരുന്നു.

പമ്പാഡാം ഇന്ന് തുറക്കും

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് പുലർച്ചെ അഞ്ചിന് ശേഷം തുറക്കാൻ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ഉത്തരവായി. രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. ജനവാസ മേഖലകളിൽ പരമാവധി 10 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടും.