റാന്നി : പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഇടങ്ങളിൽ പ്രളയ ജലം നാശം വിതച്ചു. 2018ലെ മഹാ പ്രളയം ഉണ്ടാക്കിയ നഷ്ടങ്ങൾ നികത്തി സഞ്ചാരികൾക്കായി പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് വീണ്ടും വില്ലനായി കഴിഞ്ഞ ദിവസം മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. വെച്ചൂച്ചിറ പഞ്ചായത്തിന്റെ വശത്തായി സഞ്ചാരികൾക്ക് അരുവിയുടെ ദൃശ്യം കാണാൻ ഇരുമ്പിൽ നിർമ്മിച്ച പാലത്തിൽ വൻ തടികളും കല്ലുകളും വന്നിടിച്ചു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തടികളും ചപ്പുകളും മറ്റും തങ്ങിയിരിക്കുന്ന നിലയിലാണ് വെള്ളമിറങ്ങിയപ്പോൾ പാലത്തിന്റെ സ്ഥിതി. സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാൻ സ്ഥാപിച്ച ബോർഡുകൾ നശിച്ചു പോകുകയും ഒളിച്ചു പോകുകയും ചെയ്തു. നിർമ്മാണം നടത്തി ഉദ്ഘടനത്തിനായി കാത്തിരിക്കുമ്പോഴാണ് പമ്പ വീണ്ടും കരകവിഞ്ഞു ഒഴുകിയത്. ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറെ പ്രധാന്യമുള്ള വെള്ളച്ചാട്ടമാണ് പെരുന്തേനരുവി.