തിരുവല്ല : പമ്പ, മണിമല നദികളിലൂടെ ഒഴുകിയെത്തിയ മലവെള്ളം അപ്പർകുട്ടനാടിനെ ജലപ്രളയത്തിലാക്കി. പ്രദേശത്തെ 200 ഓളം വീടുകളും നിരവധി സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും വലുതും ചെറുതുമായ റോഡുകളും വെള്ളത്തിലായി. പെരുമഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പർകുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ താലൂക്കിൽ 38 ക്യാമ്പുകൾ തുറന്നു. നാനൂറിലധികം കുടുംബങ്ങളിലെ 1500 ഓളം ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ജനപ്രതിനിധികളും ഫയർഫോഴ്സും ദുരന്ത നിവാരണ സേനയും മത്സ്യ ത്തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. എം.സി റോഡിലും തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലും മാവേലിക്കര, കോഴഞ്ചേരി റോഡുകളിലും വെള്ളം കയറിയതോടെ താലൂക്കിലെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പമ്പാനദിയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ആറടിയിലധികം ഉയർന്നു. പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.
അപ്പർകുട്ടനാട്ടിലെ നിരവധി വീടുകളിൽ നിന്നും വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും വള്ളങ്ങളിലും ചങ്ങാടങ്ങളിലും ഉയർന്ന സ്ഥലത്തേയ്ക്ക് മാറ്റി.