ചെങ്ങന്നൂർ : ഇന്നലെ പകൽ മുഴുവൻ മഴ മാറി നിന്നെങ്കിലും താലൂക്കിലെ താഴ്ന്ന പ്രദേശങ്ങിൽ ജലനിരപ്പ് ഉയർന്നു. ഡാമുകൾ തുറന്നതോടെ പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിലായി. കക്കി ആനത്തോട് ഡാം തുറന്നതോടെയാണ് പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. അച്ചൻകോവിലാറിന്റെ തീരത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരടി കൂടി ജലനിരപ്പു ഉയർന്നു. താലൂക്കിൽ 40 ക്യാമ്പുകളിലായി 534 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കുരട്ടിശേരി, മാന്നാർ, വെണ്മണി വില്ലേജുകളിലായി നാല് ആഹാര വിതരണ കേന്ദ്രങ്ങളും താലൂക്കിൽ ആരംഭിച്ചിട്ടുണ്ട്.
എം.സി റോഡിൽ കുറ്റൂർ ഭാഗത്ത് ജലം റോഡിലേക്ക് കയറിയതോടെ ഇതുവഴി ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായി. തിരുവല്ല-മാന്നാർ റോഡിൽ വളഞ്ഞവട്ടത്തും വെള്ളം കയറി. പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്. ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, വെണ്മണി പഞ്ചായത്തുകൾ പൂർണമായും വെള്ളക്കെട്ടിലാണ്. ചെറിയനാട്. മാന്നാർ പഞ്ചായത്തിന്റെ ചില മേഖലകളിലും യാത്രാ ദുരിതം തുടരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് പരുമല- പാണ്ടനാട്- ചെങ്ങന്നൂർ റോഡ് പൂർണമായും അടച്ചു. കുളനട മാവേലിക്കര റോഡിൽ വെണ്മണിശാർങ്ങക്കാവ് ഭാഗത്ത് വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
വ്യാപക കൃഷിനാശം
താലൂക്കിലെ 150 ഹെക്ടറിലെ കൃഷി നശിച്ചു. ചെങ്ങന്നൂരിൽ 125 ഹെക്ടറിലെ നെൽക്കൃഷിയും, 25 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. മുണ്ടകൻ പടങ്ങളിൽ നെല്ല് വിത നടത്തി ഒരാഴ്ച പിന്നിട്ടതു മുതൽ 30 ദിവസം വരെ പ്രായമെത്തിയ ചെടികളാണ് നശിച്ചത്. കണക്കെടുപ്പു തുടരുകയാണ്.