തിരുവല്ല: ദുരിതബാധിതരെ സഹായിക്കാൻ തിരുവല്ലയിൽ രക്ഷാപ്രവർത്തകർ സജീവമാണ്. അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ പെരിങ്ങര കാരയ്ക്കൽ കാരയ്ക്കാട്ടുതറയിൽ ലീലാമ്മയെ (85) കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ഏബ്രഹാം വർഗീസിന്റെയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യന്റെയും നേതൃത്വത്തിൽ സുരക്ഷിത സ്ഥാനത്തെത്തിച്ചു. വെള്ളത്തിലായ നിരവധി ഭവനങ്ങളിൽ സഖ്യം ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ രക്ഷാപ്രവർത്തനം നടത്തി. സുബിൻ ജോർജ്, ഷെബിൻ വർഗീസ്, ഷാരോൻ കുര്യൻ തോമസ്, അലൻ അനീഷ്, ഷെയ്ൻ വർഗീസ്, റോബിൻ ചാക്കോ ,ഈപ്പൻ ചാക്കോ, ജെന്നീസ് ജോർജ് മാത്യു, ഷാലോം ഫിലിപ്പ് , ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

വെള്ളപ്പൊക്ക ബാധിത മേഖലയായ ചാത്തങ്കരിയിൽ ഹൃദയാഘാതം മൂലം മരിച്ച 67 കാരന്റെ മൃതദേഹം ടിപ്പർ ലോറിയെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ചാത്തങ്കരി വട്ടേരിൽ വീട്ടിൽ രാജന്റെ മൃതദേഹമാണ് വാർഡ് മെമ്പർ ഏബ്രഹാം തോമസിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ചേർന്ന് ഒരു കിലോമീറ്റർ വരുന്ന വെള്ളക്കെട്ട് കടത്തി ലോറിയിൽ കയറ്റി തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സംസ്‌കാരം പിന്നീട് നടക്കും.

വെള്ളപ്പൊക്ക ഭീഷണി നേരിട്ട പൊതുവിതരണ കേന്ദ്രത്തിലെ അരി, പള്ളിയുടെ പാരിഷ് ഹാളിലേക്ക് മാറ്റി. കാരയ്ക്കൽ താമരാൽ 99ാം റേഷൻ കടയിലെ 180 ചാക്ക് അരിയാണ് സുരക്ഷിതമായി സൂക്ഷിക്കാൻ കാരയ്ക്കൽ സെന്റ് തോമസ് ചർച്ചിലെ പാരീഷ് ഹാൾ തുറന്നുനൽകിയത്. ഇന്നലെ കടയിലേക്ക് വെള്ളം കയറുമെന്ന് ഉറപ്പായതോടെ റേഷൻ കടയുടമ സണ്ണി ചാക്കോ, ഇടവക വികാരി റവ.ഏബ്രഹാം വറുഗീസിന്റെ സഹായം തേടുകയായിരുന്നു. താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രിമാർ സന്ദർശനം നടത്തി. റവന്യൂ മന്ത്രി കെ. രാജൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക്
കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലെ നെടുമ്പ്രം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയത്.മാത്യു ടി. തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, തിരുവല്ല ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് കുമാർ, തഹസീൽദാർ പി. ജോൺ വർഗീസ്, ഡെപ്യൂട്ടി തഹസിൽദാർമാരായ എബി എബ്രഹാം, ബിനു ഗോപാലകൃഷ്ണൻ, കുറ്റപ്പുഴ വില്ലേജ് ഓഫീസർ മഞ്ജു ലാൽ തുടങ്ങിയവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.