പന്തളം: കരകവിഞ്ഞൊഴുകുന്ന അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം കയറി പന്തളം, കുളനട, തുമ്പമൺ, പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ ഒറ്റപ്പെട്ട സ്ഥിതിയിലായി. റോഡുകളിൽ വെള്ളം കയറിയതിനാൽ പന്തളം- പത്തനംതിട്ട റോഡിലും പന്തളം- മാവേലിക്കര റോഡിലും ഗതാഗതം നിരോധിച്ചു . വ്യാപാരികൾ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. വീടുകളിൽ വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
പന്തളം നഗരസഭയിൽ കടയ്ക്കാട്, മുടിയൂർക്കോണം, തോട്ടക്കോണം ഭാഗങ്ങൾ ഒറ്റപ്പെട്ട നിലയിലായി. മുടിയൂർക്കോണം ഒന്നാം ഡിവിഷനിൽ വെള്ളത്തിൽ കുടുങ്ങിയ 80 പേരെയും കടക്കാട്ട് 30 ഓളം പേരെയും, സ്റ്റേഷൻ ഓഫീസർ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി ബന്ധുവീടുകളിലും ക്യാമ്പുകളിലും എത്തിച്ചു. പന്തളം തോന്നല്ലൂർ ഗവ. യു.പി. സ്‌കൂൾ, മുടിയൂർക്കോണം എം.ടി.എൽ.പി.എസ്., തോട്ടക്കോണം സ്‌കൂൾ, ചേരിക്കൽ സ്‌കൂൾ, മങ്ങാരം എം.എസ്.എം, പൂഴിക്കാട് സ്‌കൂൾ, കടയ്ക്കാട് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്, കുളനട പഞ്ചായത്ത് സ്‌കൂൾ, ഞെട്ടൂർ അങ്കണവാടി, തുമ്പമൺ മുട്ടം ഗവ.യു.പി.എസ്, തുമ്പമൺ യു.പി.എസ്, മുട്ടം അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ്
അച്ചൻ കോവിലാറ്റിൽ നിന്ന് മുട്ടാർ നീർച്ചാലിലേക്ക് ശക്തമായ ഒഴുക്കാണുള്ളത്. പന്തളം- മാവേലിക്കര റോഡ് മുടിയൂർക്കോണം ഭാഗവും പന്തളം-പത്തനംതിട്ട റോഡ് കടയ്ക്കാട് ദേവീക്ഷേത്രത്തിനു സമീപവും വെള്ളത്തിൽ മുങ്ങി. ഇതോടെ വാഹന ഗതാഗതം നിരോധിച്ചു. കുറുന്തോട്ടയം കവലയിൽ പത്തനംതിട്ട റോഡും മുട്ടാർ ജംഗ്ഷനിൽ മാവേലിക്കര റോഡും പൊലീസ് അടച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽ നിന്ന് കുരമ്പാല സെന്റ് തോമസ് സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് മാറ്റി .പന്തളം സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ദുരിതാശ്വസ പ്രവർത്തനത്തിൽ സജീവമായി രംഗത്ത് ഉണ്ട്
മാവേലിക്കര റോഡിനെയും എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന മുട്ടാർ പറോലിൽപ്പടി റോഡിൽ മങ്ങാരം പാണ്ടിപ്പുറം ഭാഗം മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. ആറു കവിഞ്ഞ് മുട്ടാർ നീർച്ചാലിലേക്ക് ഇതു വഴി ശക്തമായാണ് വെള്ളം ഒഴുകുന്നത്.
പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ, റവന്യൂ അധികൃതർ, രാഷ്ടിയ പാർട്ടികളുടെ പ്രവർത്തകർ അടൂർ അഗ്‌നി രക്ഷാ സേന, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്.