ശബരിമല: ശബരിമലയിലേക്ക് യാത്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലയ്ക്കലിൽ പൊലീസ് ജീപ്പിന് മുന്നിൽ അയ്യപ്പ ഭക്തർ ശരണം വിളിച്ച് പ്രതിഷേധിച്ചു. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിച്ചത്. മൂന്ന് ദിവസം മുമ്പ് ദർശനത്തിന് എത്തിയവരാണിവർ. കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കാരണം 18 വരെ ശബരിമലയിലേക്കുള്ള യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചിരിച്ചിരുന്നു. ഇതറിയാതെ എത്തിയവർ ഇന്നും നാളെയുമായി ദർശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ നിലയ്ക്കലിൽ തങ്ങുകയായിരുന്നു. തുലാമാസ പൂജ അവസാനിക്കുന്ന 21 വരെ തീർത്ഥാടകർക്ക് പ്രവേശനമില്ലെന്ന് റവന്യുമന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഈ വിവരം ഭക്തരെ അറിയിക്കാനെത്തിയ പൊലീസിന് മുന്നിൽ തീർത്ഥാടകർ ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് സ്വന്തം നാടുകളിലേക്ക് മടങ്ങി. പ്രായമായവരും കുട്ടികളും അടക്കം നാനൂറോളം തീർത്ഥാടകർ നിലയ്ക്കലിൽ ഉണ്ടായിരുന്നു.