അടൂർ : ആടൂർ ജനറൽ ആശുപത്രിയുടെ പോരായ്മകൾ കണ്ടറിയാൻ മന്ത്രി വീണാ ജോർജ് 23 ന് ഉച്ചക്ക് ആശുപത്രി സന്ദർശിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നഗരസഭാ ചെയർമാൻ ഡി. സജിയും ആശുപത്രിയുടെ പോരായ്മകൾ മന്ത്രിയെ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുഭാവപൂർവമായ യാതൊരു നടപടികളും ഇതുവരെയും ഉണ്ടായില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി ഉണ്ടാകുമെന്ന ഉറപ്പാണ് നൽകിയാണ് ഇവരെ അന്ന് മന്ത്രി മടക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ആശുപത്രി സന്ദർശനത്തിന് മന്ത്രി എത്തുന്നത്. അടൂർ ജനറൽ ആശുപത്രി: അടിയന്തര ചികിത്സയ്ക്ക് ആരോഗ്യമന്ത്രി കനിയുമോ?' എന്ന തലക്കെട്ടിയിൽ 8ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അടൂർ താലൂക്കിലെ എന്നുമാത്രമല്ല സുരക്ഷാ ഇടനാഴിയായി വികസിപ്പിച്ച എം.സി റോഡിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണിത്. എന്നാൽ പ്രധാന്യം മനസിലാക്കി ഇവിടുത്തെ വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലാത്തതാണ് അപകടങ്ങളിൽ ഉൾപ്പെടെ പരിക്കേറ്റുവരുന്നവർക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിയാതെ പോകുന്നത്. മണ്ഡലത്തിലെ താമസക്കാരിയെന്ന എന്ന നിലയിൽ വീണാ ജോർജ്ജ് ആരോഗ്യവകുപ്പ് മന്ത്രിയായപ്പോൾ ജനം ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ആശുപത്രി വികസനകാര്യങ്ങളിൽ മന്ത്രിയുടെ സജീവ ഇടപെടൽ ഉണ്ടാകാത്തതിൽ എൽ.ഡി.എഫിൽ തന്നെ മുറുറുപ്പ് ഉടലെടുത്തിരുന്നു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പത്തനംതിട്ട ഡി.എം.ഒയും മന്ത്രി ആശുപത്രിയിൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കും.
മന്ത്രിയുടെ സന്ദർശനത്തോടെ ആശുപത്രിയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങുമെന്നതാണ് പ്രതീക്ഷ. ഇല്ലായ്മകളെല്ലാം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രിയിലെ പുതിയ ബഹുനില മന്ദിര നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയും.
ഡി.സജി.
ചെയർമാൻ, അടൂർ നഗരസഭ.