പത്തനംതിട്ട: ദിവസങ്ങൾക്ക് മുൻപ് എടപ്പാളിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കാണപ്പെട്ട ബനഡിക്ടിന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ കലഞ്ഞൂർ സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പൂർവ്വ അദ്ധ്യാപകർ കലഞ്ഞൂരിലെത്തി.മികച്ച അദ്ധ്യാപകനും സംഘാടകനും കൂട്ടുകാരനുമായിരുന്ന ബനഡിക്ടിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കൂട്ടുകാർ ശ്രവിച്ചത്. കലഞ്ഞൂർ സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളുടെ പാഠ്യ പ്രവർത്തനളോടൊപ്പം കലാമേളകളിലും കായിക മേളകളിലും പഠനയാത്രകളിലും ബനഡിക്ട് നിറസാന്നിദ്ധ്യമായിരുന്നു. 2018ൽ അഞ്ച് വർഷം പൂർത്തിയായതിനെ തുടർന്ന് നടന്ന സ്ഥലം മാറ്റത്തിലാണ് അദ്ദേഹം കലഞ്ഞൂരിൽ നിന്ന് മാറേണ്ടി വന്നത്. 2005 മുതൽ 2016 വരെയുള്ള നീണ്ട കാലഘട്ടത്തിൽ കലഞ്ഞൂർ സ്‌കൂളിൽ പഠിപ്പിക്കുകയും ഇപ്പോഴും കലഞ്ഞൂർ സ്‌കൂളിനെ സ്‌നേഹിക്കുകയും ചെയ്യുന്ന മുൻ കാല ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ കൂട്ടായ്മയായ 'ടീച്ചേഴ്‌സ് അലുംമ്‌നി കലഞ്ഞൂരാണ്' ബനഡിക്ട് അനുസ്മരണം സംഘടിപ്പിച്ചത്.പി.ടി​.എ പ്രസിഡന്റ് രാജേഷ് എസ്, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, എടപ്പാൾ ഹയർ സെക്കൻഡറി സ്‌കൂൾ മുൻപ്രിൻസിപ്പൽ നജുമുന്നിസ, കലഞ്ഞൂർ സ്‌കൂൾ മുൻ പ്രിൻസിപ്പൽ ആർ. മുരളീധരൻ നായർ, മനോഹരൻ നായർ, സജയൻ ഓമല്ലൂർ, പ്രദീപ് കുമാർ ചരുവിള, ജിമ്മി ജോർജ്, ഫിലിപ്പ് ജോർജ്, പ്രമോദ് മാത്യു, ബിന്ദു ഉമ്മൻ, സുമ ,അജി നാരായണൻ, ലിസി, ദീപ്തി വി.എസ്.ബിജു കല്ലിശ്ശേരിൽ, ഷേക്ക് മുഹമ്മദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ബനഡിക്ടിന്റെ പേരിൽ മുൻ സഹപ്രവർത്തകർ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി ഏർപ്പെടുത്തുന്ന ക്യാഷ് അവാർഡിന്റെ ആദ്യ ഗഡു പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോർജ് എന്നിവർ ഏറ്റുവാങ്ങി.