അടൂർ : രാപകൽ വ്യത്യാസമില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് രക്ഷകരായി എത്തി അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം വേറിട്ടതായി. അടൂർ ഫയർ സ്റ്റേഷന്റെ പരിധിയിൽ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, മൂടിയൂർകോണം, ചേരിയ്ക്കൽ, മങ്ങാരം, പുതുമന എന്നിവിടങ്ങളും ഏഴംകുളം പഞ്ചായത്തിലെ ദേശക്കല്ലുംമൂട്, പുതുശേരിഭാഗം എന്നീ സ്ഥലങ്ങളിലുമാണ് ഇവർ രക്ഷകരായെത്തിയത്. സേനയോടൊപ്പം അഹോരാത്രം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങളും എടുത്തുപറയേണ്ടതാണ്. ഇരുനൂറിൽപ്പരം ആളുകളെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സുരക്ഷിതമായി ഒഴിപ്പിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും എത്തിച്ചത്. അച്ചൻകോവിൽ ആറിന്റെയും കല്ലടയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മൈക്കിലൂടെ സുരക്ഷാ മുന്നറിയിപ്പുകളും നൽകി. വെള്ളംകയറി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകുന്നതിനും മുൻകൈ എടുത്തു. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ പന്തളം കിടങ്ങയം ഭാഗത്ത് ആറ് കുടുംബങ്ങളിൽ നിന്നുമായി 21 ആളുകളെ സമീപത്തെ ക്യാമ്പിലേക്ക് മാറ്റി. വെളുപ്പിന് രണ്ടരവരെ നീണ്ടുനിന്ന രക്ഷാ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നേതൃത്വം നൽകി. പന്തളം നഗരസഭ 13-ാം വാർഡിൽ അജി ഭവനത്തിൽ അജിയുടെ രോഗംവന്ന് ചത്ത പശുവിനെയും അഗ്നിരക്ഷാ സേനയെത്തി ഡെങ്കിയിൽ നീക്കംചെയ്തു. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന അഗ്നിരക്ഷാ സേനാ സംഘവും 25 പേരടങ്ങുന്ന സിവിൽ ഡിഫൻസ് സംഘവുമാണ് രക്ഷാപ്രവർത്തനൾക്ക് നേതൃത്വം നൽകിയത്.