20-pandanad-house
വെള്ളം കയറിയതിനെ തുടർന്ന് ചരിഞ്ഞ പാണ്ടനാട് രാജീവത്തിൽ രാജിവിന്റെ വീട്‌

ചെങ്ങന്നൂർ: കഴിഞ്ഞ രണ്ടു ദിവസം മഴയ്ക്ക് ശമനമുണ്ടായതോടെ ഡാം തുറന്നിട്ടും നദികളിലെ ജലനിരപ്പ് കുറഞ്ഞു. ഇതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ നദീതീരം വ്യാപകമായി ഇടിയുന്നതും വീടുകൾക്ക് ചരിവും വിള്ളലും സംഭവിക്കുന്നതും ജനങ്ങൾക്ക് ഭീഷണിയാകുന്നു. പാണ്ടനാട് രാജീവത്തിൽ രാജീവ്, മാധവ ഭവനത്തിൽ സജീവ് എന്നിവരുടെ വീടുകൾക്കാണ് ചരിവുണ്ടായത്. ഇതോടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബാഗങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജലം പൂർണമായി മാറിയ ശേഷം വീട് വാസയോഗ്യമാണോ എന്ന് വിദഗ്ധർ പരിശോധന നടത്തുമെന്നും ഇവർ പറഞ്ഞു. പമ്പാനദിയിൽ ചെങ്ങന്നൂർ വാഴാർമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് കടവിനു സമീപം ഇളയിടത്ത് അഞ്ജനം വീട്ടിൽ പുരുഷോത്തമൻ പിള്ളയുടെ വീടിന്റെ മുറ്റം ഇടിഞ്ഞു പമ്പയാറ്റിൽ പതിച്ചു. വാഴാർ മംഗലം കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് കടവ് ഉൾപ്പെടുന്ന ഭാഗം ഇടിഞ്ഞു പമ്പയാറ്റിലേക്ക് താഴ്ന്നു. തീരം ഇടിഞ്ഞതോടെ ഇദ്ദേഹത്തിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ പടിഞ്ഞാറു വശം ഭിത്തി അടർന്നു പൊട്ടിമാറി നിൽക്കുന്ന സ്ഥിതിയാണ്.

മഴപെയ്യും എന്ന് അധികൃതരുടെ അറിയിപ്പ്

പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ പമ്പയുടെ തീരപ്രദേശങ്ങളും വ്യാപകമായ രീതിയിൽ ഇടിഞ്ഞു താഴുന്നുണ്ട്. അച്ചൻകോവിലാറിൽ ജലത്തിന്റെ അളവ് സാവധാനമാണ് കുറയുന്നത്. നിലവിൽ 52 ക്യാമ്പുകളിലായി 3128 അളുകൾ കഴിയുന്നുണ്ട്. 16 ഭക്ഷണ വിതരണ കേന്ദ്രങ്ങളും താലൂക്കിൽ പ്രവർത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന വാർത്ത വീണ്ടും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

52 ക്യാമ്പുകളിലായി 3128 പേർ

16 ഭക്ഷണ വിതരണ കേന്ദ്രം