crime-
ദമ്പതികളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ

അടൂർ : ആശുപത്രിയിൽ പോയി മടങ്ങിയ ദമ്പതികളെ അർദ്ധരാത്രിയിൽ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ പിടിയിലായി. എറണാകുളം മണകുന്നം പൂത്തോട്ട ആലുങ്കൽ വീട്ടിൽ രാജ്കുമാർ (38), കൊടുമൺ ഐക്കാട് കരിവിലക്കോട് സിന്ധുഭവനിൽ സുനിൽ (38), തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം പറന്തോട്, റോഡരികത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണടി കാലായ്ക്ക് കിഴക്ക് ഊരാളമ്പിൽ ജംഗ്ഷനിൽ അഫ്സൽ മൻസിലിൽ അഫ്സലിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ് . എം.സി റോഡിൽ ഹൈസ്കൂൾ ജംഗ്ഷനിൽ തിങ്കളാഴ്ച്ച രാത്രി 12.15 നാണ് കേസിനാസ്പദമായസംഭവം. ശാസ്താംകോട്ടയിലെ ആശുപത്രിയിൽ പോയ ശേഷം മടങ്ങുംവഴി കടമ്പനാട് മേഖലയിൽ ആഹാരം കഴിക്കാൻ തട്ടുകടകൾ ഇല്ലാത്തതിനെ തുടർന്ന് അഫ്സലും ഭാര്യ സൗമ്യയും അടൂരിൽ എത്തുകയായിരുന്നു. ഹൈസ്കൂൾ ജംഗ്ഷനിൽ എത്തിയപ്പോൾ ഇവരുടെ കാറിന് കുറുകെ സ്കൂട്ടർ ഇട്ട് തടഞ്ഞ ശേഷം ഇരുവരെയും മർദ്ദിച്ചതായാണ് കേസ്. സ്കൂട്ടറിൽ എത്തിയവർ അഫ്സലിനെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് ഭാര്യയ്ക്ക് മർദ്ദനമേറ്റത്.അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു.പെയിന്റീംഗ് തൊഴിലാളികളായ പ്രതികൾ സംഭവ സമയം മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.