ചെങ്ങന്നൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിലും പ്രകടനത്തിലും താലൂക്ക് സർവേയർ പങ്കെടുത്തതു വിവാദമായി. കുട്ടനാട് താലൂക്ക് സർവയർ ചുമതല വഹിക്കുന്ന സി.അജിത് കുമാറാണ് സമ്മേളനത്തിന്റെ പതാക ഉയർത്തലിലും പ്രകടനത്തിലും പങ്കാളിയായത്. ചെങ്ങന്നൂരിലെ സി.പി.എം. ഉത്തരപ്പള്ളി ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികളിലാണ് ഇദ്ദേഹം പങ്കെടുത്തത്. തുടർന്നു സാമൂഹികമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു. കോൺഗ്രസും ബി.ജെ.പി.യും അടക്കമുള്ള സംഘടനകൾ സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ തന്നെ ചോദ്യം ചെയ്തു. ഇതോടെ ഫെസ്ബുക്കിൽ ഇട്ട പോസ്റ്റും ചിത്രങ്ങളും അജിത്ത് നീക്കം ചെയ്തു.
എന്നാൽ, അതിനു മുമ്പുതന്നെ സ്ക്രീൻ ഷോട്ടുകളായി ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെ വിവാദമായി. സർക്കാർ ജീവനക്കാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലെന്നതാണ് ചട്ടം. ഇതു വകവെക്കാതെ അജിത് പങ്കെടുത്തത്. അജിത് കുമാറിനെതിരെ ബി.ജെ.പി റവന്യൂ മന്ത്രിക്കും സെക്രട്ടറിക്കും പരാതി നൽകി.