അടൂർ :സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏനാദിമംഗലം പഞ്ചായത്തിലെ കുറുമ്പകര പാലവിളയിൽ പുത്തൻവീട്ടിൽ യോഹന്നാന്റെ മകൻ ജെബിൻ.വി.ജോൺ (22), കുറുമ്പകര തിരുമങ്ങാട് ചിറമുഖത്ത് ബിജോ ഭവനിൽ ജോൺ മാത്യുവിന്റെ മകൾ സോന മെറിൻ മാത്യു (22) എന്നിവരാണ് നാല് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സ്വന്തം വീടുകളിലായിരുന്നു തൂങ്ങിമരിച്ചത്. പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിൻ ബംഗളുരുവിലും സോന അടൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. പുതിയ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കണമെന്ന് ജെബിൻ ജോൺ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെന്നും സഹോദരി കാൻസർ രോഗിയാണെന്നും പൊലിസ് പറഞ്ഞു. ഇരുവരുടെയും ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ . മരണ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.