തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നു. ഇന്നലെ വൈകിട്ടുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1418 കുടുംബങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. 2023 പുരുഷന്മാരും 2043 സ്ത്രീകളും 826 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. കൊവിഡ് ഭീതിയിൽ ബന്ധുവീടുകളിലും മറ്റും അഭയം നേടിയവരും ഏറെയുണ്ട്. ഇരവിപേരൂർ പഞ്ചായത്തിലാണ് താലൂക്കിൽ ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇവിടെ 16 ക്യാമ്പുകളുണ്ട്. രണ്ട് ദിവസമായി മഴ ശമിച്ചെങ്കിലും മലവെള്ളത്തിന്റെ വരവ് തുടരുകയാണ്. ഇന്നലെ രാവിലെ മുതൽ അപ്പർകുട്ടനാട് മേഖലകളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. പമ്പ, മണിമല നദികളിലൂടെയും ഇടത്തോടുകളുമെല്ലാം കിഴക്കൻവെള്ളം പരന്നൊഴുകുകയാണ്. ഒഴുക്കിന്റെ ശക്തികുറഞ്ഞതോടെ വെള്ളം തെളിഞ്ഞിട്ടുണ്ട്. നദികളിലെ വെള്ളം കലങ്ങിയതിനെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ വാട്ടർ അതോറിറ്റി പമ്പിംഗ് നിറുത്തിവച്ചിരുന്നത് പുനഃസ്ഥാപിച്ചു. വെള്ളംകയറിയ വീടുകൾ കൂടാതെ പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട് കഴിയുകയാണ്. ഇന്നുമുതൽ വീണ്ടും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. എം.സി.റോഡിലും തിരുവല്ല-അമ്പലപ്പുഴ, തിരുവല്ല-കുമ്പഴ, തിരുവല്ല-കായംകുളം സംസ്ഥാനപാതകളിലും ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വെള്ളം ഇറങ്ങി തുടങ്ങിയതോടെ ഈ റൂട്ടുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ റോഡുകളിൽ ഇനിയും ഗതാഗതം സാദ്ധ്യമാകാത്ത നിലയിൽ വെള്ളക്കെട്ട് തുടരുകയാണ്.