കോന്നി : മലയാളത്തിലെ പുസ്തകപ്രസാധക രംഗത്തെ മുത്തശിയായ കോന്നിയിലെ വീനസ് ബുക്‌സ് ഓർമ്മയാകുമോ. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കുമ്പോൾ എലിയറക്കൽ ജംഗ്ഷന് സമീപമുള്ള വീനസ് ബുക്സിന്റെ പുരാതനമായ ഇരുനില കെട്ടിടത്തിന്റെ രണ്ടു തൂണുകൾ പൊളിച്ചു മാറ്റേണ്ടി വരും തൂണുകൾ നീക്കിയാൽ ഈ കെട്ടിടം തകർന്നുവീഴും. രാജഭരണകാലത്ത് 1920 ൽ പുസ്തകാലയമായി തുടങ്ങിയ മലയാളത്തിലെ ആദ്യ സ്ഥാപനമാണിത്. മലയാളത്തിലെ ആദ്യകാല എഴുത്തുകാരൊക്കെയും തങ്ങളുടെ സൃഷ്ടികൾ പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിച്ചിരുന്നത് വീനസ് ബുക്‌സിലൂടെയായിരുന്നു.
ഗുരുനിത്യ ചൈതന്യയതി, എൻ.പി. ചെല്ലപ്പൻനായർ , ഇ.കെ. നായനാർ, പമ്മൻ, പെരുമ്പടവം ശ്രീധരൻ, എം. മുകുന്ദൻ, സി.പി. നായർ, വേളൂർ കൃഷ്ണൻകുട്ടി, വി.കെ. മാധവൻകുട്ടി, ജഗതി എൻ.കെ. ആചാരി, കോന്നിയൂർ മീനാക്ഷിയമ്മ തുടങ്ങിയവരുടെ ആദ്യ പുസ്തകങ്ങൾ പ്രകാശിതമായത് ഇവിടെയാണ്.
മലയോര നാടായ കോന്നിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുന്നത് ആനക്കൂടും വീനസ് പ്രസുമാണെന്ന് എം. മുകുന്ദൻ എഴുതിയിട്ടുണ്ട്. കോന്നിയിലെ ആദ്യകാല എൻജിനിയറിംഗ് ബിരുദധാരിയായ ഇ.കെ. ശേഖർ ജോലിയുപേക്ഷിച്ചാണ് വീനസ് ബുക്സിലൂടെ പുസ്തക പ്രസാധകരംഗത്തേക്ക് കടന്നുവരുന്നത്. പി.എൻ. പണിക്കരുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിനും ആദ്യകാല ഗ്രന്ഥശാലകൾക്കും കരുത്ത് പകർന്നിരുന്നത് ഈ പുസ്തകപ്രസാധനസ്ഥാപനമായിരുന്നു. ഇവിടെ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡി.സി കിഴക്കേമുറി ഡി.സി ബുക്‌സ് ആരംഭിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും ഒരുകാലത്ത് ഇവിടുത്തെ നിത്യ സന്ദർശകരായിരുന്നു. ആദ്യകാലത്ത് കല്ലച്ചിലായിരുന്നു പ്രിന്റിംഗ്.
ചെറുപ്പത്തിൽ സി.പി. നായരും ജഗതി ശ്രീകുമാറും സാഹിത്യകാരന്മാരായ പിതാക്കൻമാർക്കൊപ്പം ഇവിടെ വന്നിരുന്നത് അനുസ്മരിച്ചിട്ടുണ്ട്. പമ്മന്റെ സിനിമയാക്കിയ മൂന്ന് കൃതികളും ഇവിടെയാണ് പ്രസിദ്ധീകരിച്ചത്. ഗുരു നിത്യ ചൈതന്യയതി സന്യാസിയാവുന്നതിന് മുൻപ് ജയചന്ദ്രൻ എന്നപേരിൽ എഴുതിയ കൃതികൾ ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. വീനസ് ബുക്സിന്റെ സ്ഥാപകൻ ഇ.കെ.ശേഖറിന്റെ കൊച്ചുമകളും സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ പത്നിയുമായ ഉണ്ണിമായയാണ് വീനസ് ബുക്സിന്റെയും പ്രസിന്റെയും ഇപ്പോഴത്തെ ഉടമയും മാനേജിംഗ് ഡയറക്ടറും.