road-
തകർന്നു കിടക്കുന്ന റാന്നി - വലിയകാവ് - പൊന്തൻ പുഴ റോഡ്

റാന്നി: റാന്നി - വലിയകാവ് - പൊന്തൻ പുഴ റോഡ് തകർന്നു. വെള്ളക്കെട്ടും കുഴികളും നിറഞ്ഞ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരമാണ്. ചെട്ടിമുക്ക് മുതൽ പൊന്തൻപുഴ വരെയുള്ള എട്ട് കിലോമീറ്റർ ദൂരമാണ് ഏറെ തകർന്നത്. ഈ റോഡ് തെളളിയൂർ- വലിയകാവ് -പൊന്തൻ പുഴ എന്ന പേരിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. 12മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ട റോഡിന്റെ വിശദമായ രൂപരേഖപോലും ഇതുവരെ തയ്യാറായില്ല. പുനലൂർ - മൂവാറ്റുപുഴ പാത വികസനത്തിനായി ഗതാഗതം തിരിച്ചുവിട്ടതോടെയാണ് വലിയകാവ് ഭാഗം പൂർണമായി തകർന്നത്. ഈ റോഡ് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനായി ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും ഫലം ചെയ്തില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ശബരിമല വികസന പദ്ധതിയിൽ വലിയകാവ് റോഡ് തഴയപ്പെടുകയായിരുന്നു. മഴകൂടി എത്തിയതോടെ റോഡിൽ ഇരുചക്ര വാഹനയാത്രയാണ് ഏറ്റവും ദുഷ്കരമായത്. ദിവസവും നൂറ് കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ എം.എൽ.എയ്ക്കും സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകി.