കിടങ്ങന്നൂർ : പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മാരാമൺ തുണ്ടിയിൽ വീട്ടിൽ പങ്കജാക്ഷി അമ്മക്ക് കിടങ്ങന്നൂർ കരുണാലയം അമ്മവീട് തുണയായി. അവശനിലയിലായിരുന്ന പങ്കജാക്ഷിയമ്മ മകൾക്കൊപ്പം മാരാമണ്ണുള്ള വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇപ്രാവശ്യത്തെ പ്രളയത്തിൽ ആകെയുള്ള വീടും കൂടി നഷ്ടപ്പെട്ടതോടെ ഇവർക്ക് തലചായ്ക്കാനൊരിടം ഇല്ലാതെയായി. പ്രളയജലം കയറി വീട് നശിച്ചപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയംതേടിയ പങ്കജാക്ഷി അമ്മയ്ക്ക് ക്യാമ്പ് ഒഴിഞ്ഞപ്പോൾ പോകാൻ ഒരിടം ഇല്ലാതെയാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തോട്ടപ്പുഴശേരി പഞ്ചായത്ത് അംഗങ്ങൾ വിവരം കോയിപ്രം ജനമൈത്രി പൊലീസിനെ അറിയിക്കുകയും തുടർന്ന് കോയിപ്രം ജനമൈത്രി പൊലീസിന്റെ ശുപാർശപ്രകാരം തോട്ടപ്പുഴശേരി പഞ്ചായത്ത് പത്താം വാർഡ്‌മെമ്പർ റീന തോമസ്, ഏഴാം വാർഡ് മെമ്പർ റെൻസൺ കെ. രാജൻ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് പങ്കജാക്ഷി അമ്മയെ ഏറ്റെടുത്ത് തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.