അടൂർ : അപകടകരമായ നിലയിൽ റോഡരുകിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയായി. കഴിഞ്ഞ ആഴ്ച ജന്മഭൂമി അടൂർ ലേഖകൻ പി. ടി. രാധാകൃഷ്ണ കുറുപ്പ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടിയിൽ ചേന്ദംപള്ളി ജംഗ്ഷന് പടിഞ്ഞാറുഭാഗത്തുവെച്ച് കനത്തമഴയിൽ മരം പിഴുതുവീണ് ദാരുണമായി മരിച്ച സംഭവത്തോടെയാണ് ബന്ധപ്പെട്ട അധികാരികൾ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കെ. പി റോഡിൽ പതിനാലാംമൈൽ മുതൽ പഴകുളം വരെ റോഡിന്റെ ഇരുവശങ്ങളിലും അപകടകരമാംവിധം നിലകൊള്ളുന്ന മരങ്ങളുടെ ചില്ലകൾ ഇന്ന് മുറിച്ചുമാറ്റും. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ സ്ഥലത്തെ അപകടകരമാംവിധമുള്ള മരങ്ങളുടെ ശിഖരങ്ങൾ ഇന്നലെ മുറിച്ചുമാറ്റി. ഇത് സംബന്ധിച്ച് സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലാരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിച്ചതോടെയാണ് നടപടി. 'വഴിയോരങ്ങളിലെ പാഴ്മരങ്ങൾ മനുഷ്യജീവന് ഭീഷണി അലംഭാവം വെടിയണം,​ സുരക്ഷ ഉറപ്പാക്കണം' എന്ന തലക്കെട്ടിൽ 13ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.