പത്തനംതിട്ട : കില ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ 53 ഗ്രാമപഞ്ചായത്തുകൾ, നാല് നഗരസഭകൾ എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പട്ട റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള ഏകദിന പരിശീലനം കോയിപ്രം പഞ്ചായത്ത് ഹാളിൽ നടന്നു. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നത് കേരള സർക്കാരിന്റെ പ്രഥമ മുൻഗണനകളിൽ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും എന്നാൽ, വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവർക്ക് സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി കൃത്യമായി നഗരസഭ തലത്തിൽ നടപ്പാക്കാനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ പരിശീലിപ്പിച്ച് സജ്ജരാക്കാനാണ് റിസോഴ്‌സ് പേഴ്‌സൺമാർ. കില ജില്ലാ ഫെസിലിറ്റേറ്റർ എ.ആർ.അജീഷ് കുമാർ, ജില്ലാ ട്രെയിനിംഗ് ഫാക്കൽറ്റി ഇൻ ചാർജ് എം.കെ.വാസു എന്നിവരുടെ നേതൃത്വത്തിൽ കെ.ജി. ബഷീർ, സി.പി.സുനിൽ, ലതാ പ്രസാദ്, എൻ.പ്രകാശ്, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, രവീന്ദ്രൻ നായർ തുടങ്ങിയവർ ക്ലാസ് എടുത്തു. പി.കെ. തോമസ്, ഷാൻ രമേശ് ഗോപൻ, രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.