ചെങ്ങന്നൂർ: പമ്പയിലെയും, അച്ചൻകോവിലാറ്റിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസം. പമ്പയിൽ കഴിഞ്ഞ ദിവസം അഞ്ചടിയിൽ ഏറെ വെള്ളമിറങ്ങി. ആനത്തോട്, കക്കി, പമ്പ ഡാമുകൾ തുറന്നതോടെ പ്രളയസമാനമായ ജാഗ്രത പുലർത്തിയെങ്കിലും തീവ്രമഴ ഭീഷണി ഒഴിഞ്ഞതും രണ്ട് ദിവസമായി വെയിൽ തെളിഞ്ഞതും ആശങ്കകൾ ഒഴിവാക്കി. നിലവിലുള്ള ക്യാമ്പുകൾ തുടരുന്നുണ്ട്. 67 ക്യാമ്പുകളും, 24 ഭക്ഷണ വിതരണ കേന്ദ്രങ്ങളുമാണ് പ്രവർത്തിക്കുന്നത്. മഴ ശക്തമായില്ലെങ്കിൽ വരും ദിവസങ്ങളിൽ ക്യാമ്പിൽ നിന്നും കുടുംബങ്ങൾക്ക് തിരികെ മടങ്ങാനുള്ള സാഹചര്യമുണ്ടാകും. അതേ സമയം വെള്ളം കയറിയ ഇവരുടെ വീടുകളും പരിസരങ്ങളും വൃത്തിയാക്കുക എന്നതാണ് അടുത്ത കടമ്പ. അച്ചൻ കോവിലാറിലെ ജലത്തിന്റെ അളവ് പമ്പയിലെപ്പോലെ ഒഴുകി മാറാത്തത് വെണ്മണിയിലെ വെള്ളക്കെട്ട് ഒഴിയുന്നതിന് തടസമാകുന്നുണ്ട്. ക്യാമ്പുകൾ ഒഴിയുന്നതോടൊപ്പം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെയും, കൃഷി നാശം സംഭവിച്ചവരുടെയും കണക്കെടുപ്പ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നും മഴ മാറി നിന്നാൽ ഭൂരിപക്ഷം ക്യാമ്പുകളും പിരിച്ചുവിടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.